Breaking

ലങ്കന്‍ മണ്ണില്‍ ഇന്ത്യക്കു കാലിടറിയത് മൂന്ന് വര്‍ഷത്തിന് ശേഷം... രോഹിത്തിന് കീഴില്‍ ആദ്യത്തേത്!!

കൊളംബോ: ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ വിജയക്കൊടി പാറിച്ച് സ്വപ്‌നലോകത്തേക്കു ചേക്കറിയ ടീം ഇന്ത്യയെ ശ്രീലങ്ക പിടിച്ചുതാഴെയിട്ടു. നിദാഹാസ് ട്രോഫിയിലെ ആദ്യ മല്‍സരത്തില്‍ അഞ്ചു വിക്കറ്റിനാണ് ദ്വീപുകാര്‍ ഇന്ത്യയെ തുരത്തിയത്. പ്രമുഖ താരങ്ങളില്ലാതെ ഇറങ്ങിയ ഇന്ത്യയുടെ രണ്ടാംനിര ടീമിനെ ലങ്ക പാഠംപഠിപ്പിക്കുകയായിരുന്നു.  ശിഖര്‍ ധവാന്റെ ഇന്നിങ്‌സില്‍ ജയിക്കാവുന്ന സ്‌കോര്‍ പടുത്തുയര്‍ത്തിയിട്ടും ബൗളിങിലെ മൂര്‍ച്ചയില്ലായ്മ ലങ്ക ശരിക്കും മുതലെടുത്തു. പ്രധാന പേസര്‍മാരായ ഭുവനേശ്വര്‍ കുമാറിന്റെയും ജസ്പ്രീത് ബുറയുടെയും അഭാവം ഇന്ത്യന്‍ ബൗളിങില്‍ പ്രകടമായിരുന്നു.  പല റെക്കോര്‍ഡുകളും പിറന്ന മല്‍സരം കൂടിയായിരുന്നു ആദ്യ ട്വന്റി20. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ടീം ഇന്ത്യയും ഓര്‍മിക്കാന്‍ ആഗ്രഹിക്കാത്ത റെക്കോര്‍ഡുകളാണ് പിറന്നതെങ്കില്‍ ലങ്കയ്ക്ക് അഭിമാനം നല്‍കുന്ന ചില നേട്ടങ്ങള്‍ ഈ മല്‍സരത്തില്‍ കണ്ടു.  ധവാന്റെ സിക്‌സര്‍ മല്‍സരത്തില്‍ ഇന്ത്യയുടെ ടോപ്‌സ്‌കോററായ ശിഖര്‍ ധവാന്‍ ആറു വീതം സിക്‌സറും ബൗണ്ടറികളുമടക്കമാണ് 90 റണ്‍സെടുത്തത്. അന്താരാഷ്ട്ര ട്വന്റി20യില്‍ ഇതാദ്യമായാണ് ധവാന്‍ ഒരു മല്‍സരത്തില്‍ രണ്ടില്‍ കൂടുതല്‍ സിക്‌സറുകള്‍ നേടുന്നത്  ധോണിയില്ലാതെ ആദ്യം ലങ്കന്‍ മണ്ണില്‍ മുന്‍ നായകന്‍ എംഎസ് ധോണിയില്ലാതെ 2004നു ശേഷം ഇന്ത്യ കളിച്ച ആദ്യ അന്താരാഷ്ട്ര മല്‍സരം കൂടിയാണിത്. 2004ല്‍ അരങ്ങേറിയതു മുതല്‍ ഇന്ത്യയുടെ എല്ലാ ലങ്കന്‍ പര്യടനങ്ങളിലും അദ്ദേഹം ടീമിലുണ്ടായിരുന്നു.  2015നുശേഷം ആദ്യ തോല്‍വി 2015നു ശേഷം ലങ്കയോട് അവരുടെ നാട്ടില്‍ ഇന്ത്യക്കു നേരിട്ട ആദ്യ പരാജയമായിരുന്നു ആദ്യ ട്വന്റി20യിലേത്. 2015 ഓഗസ്റ്റ് 15നു ഗല്ലെ ടെസ്റ്റില്‍ തോറ്റ ശേഷം ലങ്കയില്‍ ഇന്ത്യ തോല്‍വിയറിയാതെ കുതിക്കുകയായിരുന്നു. കൂടാതെ തുടര്‍ച്ചയായ ഏഴു ട്വന്റി20 മല്‍സരങ്ങളിലെ വിജയത്തിനു ശേഷമാണ് ലങ്കയോട് ഇന്ത്യ തോറ്റത്.  രോഹിത്തിന്റെ കുതിപ്പിന് ബ്രേക്ക് ഇന്ത്യന്‍ നായകനെന്ന നിലയില്‍ രോഹിത് ശര്‍മയുടെ വിജയക്കുതിപ്പിനാണ് ലങ്ക ബ്രേക്കിട്ടത്. നേരത്തേ രോഹിത്തിനു കീഴില്‍ കളിച്ച ഒരു മല്‍സരത്തില്‍ പോലും ഇന്ത്യ തോല്‍വിയറിഞ്ഞിരുന്നില്ല.  താക്കൂറിന് ദുരന്തദിനം യുവ പേസര്‍ ശര്‍ദ്ദുല്‍ താക്കൂറിന്റെ കരിയറിലെ ദുരന്തദിനമായിരുന്നു ആദ്യ ട്വന്റി. തന്റെ ആദ്യ ഓവറില്‍ തന്നെ 27 റണ്‍സാണ് താക്കൂര്‍ വിട്ടുകൊടുത്തത്. ഈയൊരു ഓവറാണ് ലങ്കയ്ക്ക് കളിയില്‍ മേല്‍ക്കൈ സമ്മാനിക്കുകയും ചെയ്തത്. സ്റ്റുവര്‍ട്ട് ബിന്നി ഒരോവറില്‍ 32 റണ്‍സ് വഴങ്ങിയ ശേഷം ട്വന്റി20യില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും മോശം ബൗളിങ് കൂടിയാണ് താക്കൂറിന്റേത്.  രോഹിത്തിന് വീണ്ടുമൊരു ഡെക്ക് ഏറ്റവുമുയര്‍ന്ന സ്‌കോറിന് റെക്കോര്‍ഡ് ഇട്ടിട്ടുള്ള രോഹിത് ഏറ്റവും മോശം ബാറ്റിങിനും റെക്കോര്‍ഡിട്ടു. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ 12ാമത്തെ ട്വന്റി20യിലാണ് രോഹിത് അക്കൗണ്ട് തുറക്കാനാവാതെ പുറത്തായത്. ഇതോടെ ഏറ്റവുമധികം മല്‍സരങ്ങളില്‍ ഡെക്കയി പുറത്തായ ഇന്ത്യന്‍ താരമെന്ന നാണക്കേടിന്റെ റെക്കോര്‍ഡും രോഹിത്തിന്റെ പേരിലായി.  കുശാല്‍ ബാറ്റിങ് ലങ്കയുടെ വിജയശില്‍പ്പിയായി മാറിയ കുശാല്‍ പെരേരയും ഒരു റെക്കോര്‍ഡിട്ടു. 22 പന്തുകളിലാണ് കുശാല്‍ മല്‍സരത്തില്‍ തന്റെ അര്‍ധസെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ട്വന്റി20യില്‍ ഒരു ലങ്കന്‍ താരത്തിന്റെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ ഫിഫ്റ്റി കൂടിയാണിത്.  ധവാന്റേത് ഉയര്‍ന്ന സ്‌കോര്‍ ലങ്കയ്‌ക്കെതിരേ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവുമുയര്‍ന്ന സ്‌കോറാണ് 90 റണ്‍സ് നേടിയതോടെ ധവാന്‍ തന്റെ പേരിലാക്കിയത്. കഴിഞ്ഞ വര്‍ഷം ഇതേ വേദിയില്‍ തന്നെ വിരാട് കോലി സ്ഥാപിച്ച 82 റണ്‍സെന്ന റെക്കോര്‍ഡ് ധവാന്‍ തിരുത്തുകയായിരുന്നു  രണ്ടാമത്തെ മികച്ച റണ്‍ചേസ് ട്വന്റ20യില്‍ ലങ്കയുടെ ഏറ്റവും മികച്ച രണ്ടാമത്തെ റണ്‍ ചേസ് കൂടിയാണിത്. എന്നാല്‍ കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിലെ ഏറ്റവും മികച്ച റണ്‍ചേസെന്ന റെക്കോര്‍ഡ് ഈ മല്‍സരത്തില്‍ ലങ്ക തങ്ങളുടേ പേരിലേക്ക് മാറ്റി. നേരത്തേ 174 റണ്‍സ് പിന്തുടര്‍ന്നു ജയിച്ച ഇന്ത്യയും പാകിസ്താനും ചേര്‍ന്ന് റെക്കോര്‍ഡ് പങ്കിടുകയായിരുന്നു.


No comments:

Powered by Blogger.