Breaking

തിരിച്ചിറക്കത്തിന്റെ തുടക്കം?

ന്യൂ‍ഡൽഹി ∙ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ബിസിസിഐ പുതിയ വേതനവ്യവസ്ഥകള്‍ പ്രഖ്യാപിച്ചപ്പോൾ മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണി, രവിചന്ദ്രൻ അശ്വിൻ എന്നിവർക്ക് തിരിച്ചടി. ഇക്കുറി വേതന സ്ലാബുകളിൽ പുതിയൊരെണ്ണം കൂടി കൂട്ടിച്ചേർത്ത ബിസിസിഐ, കൂടുതൽ പ്രതിഫലം പറ്റുന്ന താരങ്ങളുടെ ഗണത്തിൽനിന്ന് ധോണി, അശ്വിൻ എന്നിവരെ ഒഴിവാക്കി. 2017 ഒക്ടോബർ മുതൽ 2018 സെപ്റ്റംബർ വരെയാണ് ഈ സ്ലാബിന്റെ കാലാവധി.പേസ് ബോളർ മുഹമ്മദ് ഷാമിക്ക് ഒരു സ്ലാബിലും ഇടം ലഭിക്കാത്തതും അപ്രതീക്ഷിതമായി. ഷാമിക്കെതിരെ ഭാര്യ ചില ആരോപണങ്ങൾ ഉന്നയിച്ച പശ്ചാത്തലത്തിലാണ് അദ്ദേഹത്തെ പരിഗണിക്കാതിരുന്നതെന്നാണ് വിവരം. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുമ്പോൾ ഷാമിയെ കരാറിൽ ഉൾപ്പെടുത്തുമെന്ന് ബിസിസിഐ അധികൃതരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.  നേരത്തെയുണ്ടായിരുന്ന എ ഗ്രേഡ്, ബി ഗ്രേഡ്, സി ഗ്രേഡ് എന്നീ വ്യത്യസ്ത സ്ലാബുകള്‍ക്കൊപ്പം എ പ്ലസ് എന്ന പുതിയ സ്ലാബാണ് ക്രിക്കറ്റ് ബോര്‍ഡ് കൊണ്ടുവന്നത്. ഏഴു കോടി രൂപയാണ് എ പ്ലസ് വിഭാഗത്തിലെ താരങ്ങള്‍ക്ക്  ലഭിക്കുന്നത്. ക്യാപ്റ്റൻ വിരാട് കോഹ്‍ലി ഉൾപ്പെടെ അഞ്ചു താരങ്ങൾ മാത്രമാണ് ഈ വിഭാഗത്തിൽ ഉള്ളത്. ഇന്ത്യൻ ബാറ്റിങ്ങിലെ ത്രിമൂർത്തികളായ രോഹിത് ശർമ, ശിഖർ ധവാൻ, വിരാട് കോഹ്‍ലി എന്നിവർക്കൊപ്പം ‘ഡെത്ത് ഓവർ സ്പെഷലിസ്റ്റു’കളായ ജസ്പ്രീത് ബുംമ്ര, ഭുവനേശ്വർ കുമാർ എന്നിവരാണ് ഈ സ്ലാബിലുള്ളത്. ഇവർക്ക് ഒരു വർഷം പ്രതിഫലയിനത്തിൽ ഏഴു കോടി രൂപ ലഭിക്കും.  അതേസമയം, മുൻപത്തെ ഏറ്റവും കൂടിയ സ്ലാബായിരുന്ന ‘എ’ വിഭാഗത്തിലുണ്ടായിരുന്ന മഹേന്ദ്രസിങ് ധോണി, രവിചന്ദ്രൻ അശ്വിൻ എന്നിവരെ ഇത്തവണ ‘എ പ്ലസ്’ വിഭാഗത്തിലേക്കു പരിഗണിച്ചില്ല. ഇതോടെ ഇവർ വേതന വ്യവസ്ഥയിൽ രണ്ടാം വിഭാഗത്തിൽ ഒതുങ്ങി. ഇവർക്ക് വർഷാവർഷം അഞ്ചു കോടി രൂപ ലഭിക്കും. രവീന്ദ്ര ജഡേജ, മുരളി വിജയ്, ചേതേശ്വർ പൂജാര, അജിങ്ക്യ രഹാനെ, വൃദ്ധിമാൻ സാഹ എന്നിവരാണ് ഈ ‘അഞ്ചു കോടി’ സ്ലാബിലുള്ളത്.  വർഷം മൂന്നു കോടി രൂപ ലഭിക്കുന്ന ‘ബി’ സ്ലാബിൽ കെ.എൽ. രാഹുൽ, ഉമേഷ് യാദവ്, കുൽദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹൽ, ഹാർദിക് പാണ്ഡ്യ, ഇഷാന്ത് ശർമ, ദിനേഷ് കാർത്തിക് എന്നിവരാണുള്ളത്. വർഷം ഒരു കോടി രൂപ ലഭിക്കുന്ന നാലാമത്തെ സ്ലാബിൽ കേദാർ ജാദവ്, മനീഷ് പാണ്ഡെ, അക്സർ പട്ടേൽ, കരുൺ നായർ, സുരേഷ് റെയ്ന, പാർഥിവ് പട്ടേൽ, ജയന്ത് യാദവ് എന്നിവരാണുള്ളത്.  വനിതാ വിഭാഗത്തിൽ ഇതുവരെയുണ്ടായിരുന്ന ‘എ’, ‘ബി’ വിഭാഗങ്ങൾക്കൊപ്പം ‘സി’ വിഭാഗം കൂടി സൃഷ്ടിച്ചിട്ടുണ്ട്. വർഷം 50 ലക്ഷം രൂപ പ്രതിഫലം ലഭിക്കുന്ന ‘എ’ വിഭാഗത്തിൽ മിതാലി രാജ്, ജൂലൻ ഗോസ്വാമി, ഹർമൻപ്രീത് കൗർ, സ്മൃതി മന്ഥന എന്നിവരാണുള്ളത്.  വർഷം 30 ലക്ഷം രൂപ ലഭിക്കുന്ന ‘ബി’ വിഭാഗത്തിൽ പൂനം യാദവ്, വേദ കൃഷ്ണമൂർത്തി, രാജേശ്വരി ഗെയ്ക്‌വാദ്, ഏക്ത ബിഷ്ത്, ശിഖ പാണ്ഡെ, ദീപ്തി ശർമ എന്നിവരും 10 ലക്ഷം രൂപ പ്രതിഫലം ലഭിക്കുന്ന പുതിയ സ്ലാബിൽ മാൻസി ജോഷി, അനൂജ പാട്ടീൽ, മോന മേഷ്റം, നുഷാന്ത് പർവീൺ, സുഷമ വർമ, പൂനം റാവത്ത്, ജെമീമ റോഡ്രിഗസ്, ടാനിയ ഭാട്യ എന്നിവരുമുണ്ട്


No comments:

Powered by Blogger.