Breaking

ജൂനിയര്‍ ഹാര്‍ദിക് പാണ്ഡ്യയോ?;

കൊളംബൊ: ഇന്ത്യന്‍ ക്രിക്കറ്റിലേക്ക് ഒരു പുതിയ താരോദയം കൂടി വന്നിരിക്കുകയാണ്. ശ്രീലങ്കയില്‍ നടക്കുന്ന നിദാഹാസ് ട്രോഫി ടി20 ത്രിരാഷ്ട്ര പരമ്പരയില്‍ ബംഗ്ലാദേശിനെതിരായ രണ്ടാം മത്സരത്തില്‍തന്നെ സെലക്ടര്‍മാരുടെ തീരുമാനം ശരിവെക്കുന്ന പ്രകടനം കാഴ്ചവെച്ചാണ് വിജയ് ശങ്കര്‍ ഇന്ത്യയുടെ സീനിയര്‍ ടീമിലേക്കുള്ള വരവറിയിച്ചിരിക്കുന്നത്.രണ്ടാം മത്സരത്തില്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞ വിജയ് ശങ്കര്‍ രണ്ടു വിക്കറ്റുകള്‍ നേടി മാന്‍ ഓഫ് ദി മാച്ച് ആവുകയും ചെയ്തു. ഫീല്‍ഡര്‍മാര്‍ ക്യാച്ചുകള്‍ കൈവിട്ടിരുന്നില്ലെങ്കില്‍ അഞ്ചുവിക്കറ്റുകളെങ്കിലും പോക്കറ്റിലാക്കാമായിരുന്നു ഈ യുവതാരത്തിന്. എന്നാല്‍, അമേച്വര്‍ നിലവാരത്തിലുള്ള ഫീല്‍ഡിങ് വിജയ് ശങ്കറിന് വിക്കറ്റുകള്‍ നിഷേധിച്ചു.ഓള്‍ റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്ക് വിശ്രമം അനുവദിച്ചതിനെ തുടര്‍ന്നാണ് വിജയ് ടീമിലെത്തുന്നത്. പാണ്ഡ്യയുടെ അഭാവത്തില്‍ ബൗളിങ്ങില്‍ തിളങ്ങിയെങ്കിലും ബാറ്റുകൊണ്ട് മികവു തെളിയിക്കാന്‍ അവസരം ലഭിച്ചിട്ടില്ല. അതേസമയം, പാണ്ഡ്യയുമായി താരതമ്യം ചെയ്യാന്‍ ഇഷ്ടപ്പെടുന്നില്ലെന്നും വിജയ് വ്യക്തമാക്കി.പാണ്ഡ്യയെപോലെ ഒരു കളിക്കാരനുമായി താരതമ്യം ചെയ്ത് സ്വയം സമ്മര്‍ദ്ദത്തിലാകാന്‍ ഇഷ്ടപ്പെടുന്നില്ല. താന്‍ ആരാണോ അത് തെളിയിക്കുകയാണ് പ്രധാനം. ഒരു കളിക്കാരനും മറ്റൊരു കളിക്കാരനുമായി സ്വയം താരതമ്യം ചെയ്യാന്‍ ഇഷ്ടപ്പെടുമെന്ന് തോന്നുന്നില്ല. തനത് കളി കാഴ്ചവെക്കുകയാണ് തന്റെ രീതി. ആസ്വദിച്ച് കളിക്കുകയും അടുത്ത കളിക്കുവേണ്ടി തയ്യാറെടുക്കുകയുമാണ് താനെന്ന് വിജയ് പറഞ്ഞു.


No comments:

Powered by Blogger.