സൗമ്യ എന്നത് ഒരു പെൺകുട്ടിയുടെ പേര് മാത്രമല്ല ; നിശ്ചയദാർഢ്യത്തിന്റെ പര്യായ പദമാണ്
കട ബാധ്യത ഉണ്ടായാൽ എളുപ്പം രക്ഷപ്പെടാൻ ആത്മഹത്യ എന്ന പോംവഴി തേടുന്നവരുടെ നാട്ടിൽ, സ്വപ്‌നങ്ങൾ ഒരുപാട് ഉണ്ടായിട്ടും ചെറിയ ഒരു വായ്പ്പയെടുത്ത് ഒരു സംരംഭം തുടങ്ങാൻ മടിക്കുന്നവരുടെ ഈ നാട്ടിൽ വേറിട്ട ഒരു ജീവിതമാണ് സൗമ്യയുടേത്. ആത്മവിശ്വാസം തേടുന്നവർക്ക് അതൊരു പാഠപുസ്തകമാണ്. മുംബൈയിൽ ജനിച്ചു വളർന്ന സൗമ്യ ഗുപ്ത എന്ന പെൺകുട്ടിയുടെ ജീവിതം ഒരു സിനിമാക്കഥപോലെ അത്ഭുതപ്പെടുത്തുന്നതാണ്. ചെറുപ്പം മുതൽ പൈലറ്റ് ആവുകയെന്നതായിരുന്നു സൗമ്യയുടെ ആഗ്രഹം. അതിന്റെ പഠനത്തിനായി അമേരിക്കയിലേക്ക് പറന്ന സൗമ്യയെ കാത്തിരുന്നത് തീർത്തും പ്രതികൂലമായ സാഹചര്യങ്ങൾ മാത്രമായിരുന്നു. അതിൽ പ്രധാനം 2008 കാലഘട്ടത്തിൽ ലോകത്തെ പിടിച്ചുകുലുക്കിയ സാമ്പത്തിക മാന്ദ്യമായിരുന്നു. കിണഞ്ഞു പരിശ്രമിച്ചിട്ടും പഠനം മുന്നോട്ട് കൊണ്ടുപോകാൻ പറ്റാത്ത അവസ്ഥ. ഒടുവിൽ ഗത്യന്തരം ഇല്ലാതെ നാട്ടിലേക്ക് തിരിച്ചു. അപ്പോഴേക്കും 50 ലക്ഷം രൂപയുടെ ഭീമമായ കടബാധ്യത ആ കൗമാരക്കാരിയെ പിടികൂടിയിരുന്നു. ജോലിയില്ലാതെ പഠനം പൂർത്തിയാകാതെ ഒരുവൾ അമ്പതുലക്ഷം കടബാധ്യതയുമായി വീട്ടിൽ വന്നിരുന്നത് ഉണ്ടാക്കിയ പ്രശ്‌നങ്ങൾ ചില്ലറയായിരുന്നില്ല. താൻ ഒന്നിനും കൊള്ളാത്തവളാണെന്നും പരാജയമാണെന്നും വേണ്ടപ്പെട്ടവർ വിധിയെഴുതി . വിഷാദരോഗത്തിന് അടിമപ്പെടുമെന്ന ഘട്ടം വരെയായി. ഒരുപരിധി കഴിഞ്ഞപ്പോൾ അച്ഛനും അമ്മയും സൗമ്യ ജോലിക്കു പോയി തുടങ്ങണമെന്നു നിർദ്ദേശിച്ചു. പക്ഷേ പ്ലസ്ടു മാത്രം പാസായ ഒരു പെൺകുട്ടിക്ക് അത്രപെട്ടെന്നൊരു ജോലി കിട്ടുകയെന്നത് എളുപ്പമായിരുന്നില്ല. അങ്ങനെ ഇരുപതാം വയസിൽ സൗമ്യ ഒരു കാൾസെന്ററിൽ ജോലിക്കു കയറി. തുച്ഛമായ പ്രതിഫലത്തിലായിരുന്നു തുടക്കം. ഒരിക്കലും ചെയ്യാൻ ആഗ്രഹിക്കാത്ത ആ മുഷിഞ്ഞ ജോലി മടുപ്പിക്കുന്നതായിരുന്നു. അങ്ങനെ അമ്മയാണ് തനിക്കെന്താണ് ഇഷ്ടം ആ മേഖലയിൽ ശ്രദ്ധിക്കാൻ പറയുന്നത്. അന്നാണ് വസ്ത്രങ്ങളെക്കുറിച്ചു ചിന്തിച്ചു തുടങ്ങിയത്. കുറച്ചു വസ്ത്രങ്ങൾ വിറ്റഴിക്കാനുള്ള സ്ഥലം വീട്ടിൽ തന്നെ ഒരുക്കണമെന്ന് അമ്മയോടു പറഞ്ഞു. അന്ന് അമ്മ യെസ് പറഞ്ഞതോടെ ‘ടെൻ ഓൺ ടെൻ’ എന്ന സ്ഥാപനം തുടങ്ങുകയായി. വീട്ടുകാർക്ക് സാമ്പത്തികമായി തന്നെ ഒരിക്കലും സഹായിക്കാൻ കഴിയുമായിരുന്നില്ല എങ്കിലും അവർ മറ്റെല്ലാ കാര്യങ്ങൾക്കും കൂടെ നിന്നു. തുണിത്തരങ്ങൾ കയറ്റുമതി ചെയ്യുന്ന ഒരാളെ കണ്ടെത്തി, പക്ഷേ വലിയ ബ്രാൻഡുകൾ മാത്രം കയറ്റി അയക്കുന്ന അയാളിൽ നിന്ന് ആവശ്യത്തിനുള്ള വസ്ത്രങ്ങൾ എടുക്കാനുള്ള പണമൊന്നും കയ്യിലുണ്ടായിരുന്നില്ല. അങ്ങനെ മുപ്പതു പീസ് തുണികൾ മാത്രം വച്ച് വീട്ടിൽ തന്നെ പ്രദർശിപ്പിച്ചു . പതിയെ തുണിത്തരങ്ങളുടെ എണ്ണം വർധിക്കാനും ശരിയായ ബിസിനസിന്റെ പാതയിലേക്ക് ഉയരാനും തുടങ്ങി.തുടർന്നുള്ള നാളുകൾ തന്റെ വസ്ത്രങ്ങളെ എങ്ങനെ വിപണിയിൽ പ്രശസ്തമാക്കാം എന്ന ചിന്തകളുടേതായിരുന്നു. ഫാഷൻ പോർട്ടലുകളിൽ തന്റെ ബ്രാൻഡിന് ഇടംനേടണമെങ്കിൽ വസ്ത്രങ്ങളുടെ മനോഹരമായ ചിത്രങ്ങൾ ആവശ്യമായിരുന്നു . പക്ഷേ അതെടുക്കാനുള്ള മികച്ച ക്യാമറ കയ്യിലില്ല താനും. അങ്ങനെ ഒരു ഫൊട്ടോഗ്രാഫർ സുഹൃത്തിനെ കണ്ട് കാര്യം അവതരിപ്പിച്ചു. അടുത്ത ഘട്ടം ഒരു മോഡലിനെ തിരയലായിരുന്നു. പക്ഷേ അതിനുള്ള പണവും കയ്യിലില്ല അങ്ങനെ തന്റെ ചേച്ചിയുടെ സുഹൃത്തു കൂടിയായ മോഡൽ ബോസ്‌കി തയാറാണെന്ന് അറിയിച്ചു. മുടക്കുമുതൽ തിരിച്ചുകിട്ടാൻ തന്നെ മാസങ്ങൾ കഷ്ടപ്പെടേണ്ടി വന്നു .ഏറ്റവും ചെലവ് ചുരുക്കി ജീവിതം മുന്നോട്ട് കൊണ്ടുപോയി. എങ്ങനെയും സംരംഭത്തെ രക്ഷപ്പെടുത്തിയെടുക്കുക എന്നത് മാത്രമായി ചിന്ത. വെറും ഇരുപത്തിയൊന്നു വയസു മാത്രം പ്രായമുള്ള സൗമ്യക്ക് ഒരു ലോൺ പോലും എടുക്കാനുള്ള പ്രായം തികഞ്ഞിരുന്നില്ല. അങ്ങനെ കൊളേജ് വിദ്യാർഥികളെ സംഘടിപ്പിച്ച് ഫൊട്ടോഷൂട്ട് നടത്തി. പതിയെ പതിയെ ”ടെൻ ഓൺ ടെൺ” വളരാൻ തുടങ്ങി. 60 തുണിത്തരങ്ങൾ കൊണ്ടു തുടങ്ങിയ പ്രസ്ഥാനം ഇന്ന് ആറ്ലക്ഷം തുണിത്തരങ്ങൾ കച്ചവടം ചെയ്യുന്നു . ബോംബെയുട ഹൃദയമധ്യത്തിൽ തന്നെ സ്ഥാപനം തുടങ്ങുകയും ഐസ്ഒ സർട്ടിഫിക്കറ്റ് കരസ്ഥമാക്കുകയും ചെയ്തു. ഇന്ന് 15 കോടിയാണ് ടെൻ ഓൺ ടെന്നിന്റെ വിറ്റുവരവ്. ചെറുപ്രായത്തിൽ തന്നെ വിജയത്തിന്റെ ഔന്നത്യത്തിൽ നിൽക്കുമ്പോഴും സൗമ്യ തന്റെ കഴിഞ്ഞകാലത്തെ മറക്കുന്നില്ല. സമൂഹത്തിനു നിങ്ങളുടെ തോൽവികൾ എണ്ണിപ്പറഞ്ഞ് കുറ്റപ്പെടുത്താൻ കഴിയും. പക്ഷേ അതിലൊന്നും തളരാതെ മുന്നോട്ടു പോവുകയാണു വേണ്ടത്. മറ്റുള്ളവർ എന്തു കരുതും എന്നതിനല്ല നിങ്ങളുടെ സന്തോഷത്തിനും ഇഷ്ടത്തിനുമാണ് പ്രാധാന്യം നൽകേണ്ടത്. ലോകം നിങ്ങളുടെ വിജയത്തെ കാണാൻ ശ്രമിക്കുന്നതിനേക്കാൾ കുറവുകളിലാകും ശ്രദ്ധ ചെലുത്തുന്നത്. നിങ്ങൾക്കൊരു സ്വപ്നമുണ്ടെങ്കിൽ അതെന്തു തടസങ്ങളെയും മറികടന്ന് നേടിയെടുക്കുക തന്നെ ചെയ്യണം- സൗമ്യ പറയുന്നു.
No comments: