നെയ്മറിനെതിരേ രൂക്ഷ വിമര്‍ശനവുമായി ബാഴ്‌സലോണ: ‘എലിയും പൂച്ചയും കളിച്ചു’
കഴിഞ്ഞ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ബാഴ്‌സലോണ വിട്ട് പാരിസ് സെന്റ് ജെര്‍മനില്‍ ചേര്‍ന്ന ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറിനെതിരേ രൂക്ഷ വിമര്‍ശനവുമായി ബാഴ്‌സലോണ വൈസ് പ്രസിഡന്റ്. പിഎസ്ജിയില്‍ ചേരുന്നതിന് മുമ്പായി ബാഴ്‌സയുമായി നെയ്മര്‍ എലിയും പൂച്ചയും കളിച്ചുവെന്നാണ് കാറ്റലന്‍ ക്ലബ്ബിന്റെ വൈസ് പ്രസിഡന്റ് ജോര്‍ഡി മെസ്‌ട്രെ പറഞ്ഞത്.222 മില്ല്യണ്‍ യൂറോയ്ക്കാണ് നെയ്മര്‍ പിഎസ്ജിയിലേക്ക് കൂടുമാറിയത്. ലോകത്ത് ഇതുവരെ നടന്ന ഏറ്റവും വലിയ ട്രാന്‍സ്ഫറിനാണ് സൂപ്പര്‍ താരം ബാഴ്‌സ വിട്ട് ഫ്രഞ്ച് ലീഗിലേക്ക് ചേക്കേറിയത്. ട്രാന്‍സ്ഫര്‍ റൂമറുകള്‍ സജീവമായിരിക്കുന്ന സമയത്ത് പോലും ബാഴ്‌സലോണ വിടാനുള്ള താല്‍പ്പര്യം നെയ്മര്‍ ക്ലബ്ബുമായി പങ്കുവെച്ചില്ല. പ്രീ സീസണ്‍ ടൂറിനായി അമേരിക്കയിലേക്ക് തിരിച്ച ബാഴ്‌സ ടീമിലും നെയ്മര്‍ കളിച്ചിരുന്നു. ഈ സമയത്തൊന്നും ക്ലബ്ബ് വിടാനുള്ള താല്‍പ്പര്യം നെയ്മര്‍ ആരുമായും പങ്കുവെച്ചില്ല. ഇതുമായി ബന്ധപ്പെട്ട് നെയ്മറിനോടും അദ്ദേഹത്തിന്റെ പിതാവിനോടും ക്ലബ്ബ് ചര്‍ച്ച ചെയ്തിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ ഇരുവരും സുതാര്യ നിലപാടല്ല സ്വീകരിച്ചതെന്നും മെസ്ട്ര വ്യക്തമാക്കി. ഫാബ്രിഗാസ്, സാഞ്ചസ്, മഷറാനോ തുടങ്ങിയ താരങ്ങള്‍ മാനേജ്‌മെന്റിനോട് ക്ലബ്ബ് വിടാന്‍ താല്‍പ്പര്യം നേരിട്ട് അറിയിച്ചിരുന്നു. അതുകൊണ്ട് തന്നെ ക്ലബ്ബിന് ഇവരുടെ കാര്യത്തില്‍ കൃത്യമായ തീരുമാനത്തിലെത്താന്‍ സാധിച്ചിരുന്നു. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
No comments: