Breaking

ആയുധം മാത്രമേ ഉപേക്ഷിച്ചിട്ടുള്ളൂ, നടക്കാന്‍ മറന്നിട്ടില്ല’; വെടിക്കെട്ട് പ്രകടനത്തിന് പിന്നാലെ മാസ് ഡയലോഗ് അടിച്ച് സെവാഗ്; മറുപടിയുമായി ഗാംഗുലിയും

വീണ്ടും ആരാധകരെ ആവേശത്തിലാഴ്ത്തി ‘വീരൂ മാജിക്’. തന്റെ പ്രതാപകാലത്തെ അനുസ്മരിപ്പിക്കും വിധം ഫോറുകളും സിക്സറുകളും ഗ്യാലറിയിലേക്ക് പറത്തി വാര്‍ത്തകളില്‍ നിറയുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വിരേന്ദര്‍ സെവാഗ്. പക്ഷേ ഒരു വ്യത്യാസമുണ്ടെന്നു മാത്രം. ഇത്രയും നാള്‍ തന്റെ ബാറ്റിങ്ങ് വെടിക്കെട്ടിനു തിരികൊളുത്തിയിരുന്നത് പുല്‍ മൈതാനത്തായിരുന്നെങ്കില്‍ ഇത്തവണയത് മഞ്ഞുമലയിലായിരുന്നു.പ്രഥമ ഐസ് ക്രിക്കറ്റ് ടൂര്‍ണമെന്റിലാണ് അത്യുഗ്രന്‍ അര്‍ധസെഞ്ച്വുറിയുമായി സെവാഗ് കളം നിറഞ്ഞ് കളിച്ചത്. 25 പന്തില്‍ അര്‍ധസെഞ്ചുറി നേടിയ വീരു 31 പന്തില്‍ നാല് ഫോറും അഞ്ച് സിക്‌സും സഹിതം 62 റണ്‍സുമായാണ് കളം വിട്ടത്.  വെടിക്കെട്ട് പ്രകടനത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരണവുമായി സെവാഗ് രംഗത്തെത്തിയിരിക്കുകയാണ്. ആയുധം മാത്രമേ ഉപേക്ഷിച്ചിട്ടുള്ളൂ. നടക്കാന്‍ മറന്നിട്ടില്ല. എന്നായിരുന്നു സെവാഗിന്റെ മാസ് ഡയലോഗ്. സെവാഗിന്റെ ട്വീറ്റിന് മറുപടിയുമായി മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസ താരവുമായ സൗരവ്വ് ഗാംഗുലിയും രംഗത്തെത്തി. ‘ക്യാ ബാത്ത് കഹാ വീരു’ എന്നായിരുന്നു ദാദയുടെ മറുപടി.  സ്വിറ്റ്‌സര്‍ലാന്റിലെ സെന്റ് മോറിസില്‍ നടന്ന മത്സരത്തിലാണ് സെവാഗ് ആരാധകര്‍ക്കായി മഞ്ഞുമലയില്‍ റണ്‍മഴ പെയ്യിച്ചത്. ഷാഹിദ് അഫ്രീദി നയിക്കുന്ന റോയല്‍സിനെതിരെയായിരുന്നു സെവാഗിന്റെ പ്രകടനം. താരത്തിന്റെ പ്രകടനത്തിന്റെ പിന്‍ബലത്തില്‍ 20 ഓവറില്‍ പാലസ് ഡയമണ്ട്‌സ് 164 റണ്‍സ് എടുത്തു.  തിലകരത്‌നെ ദില്‍ഷന്‍, ജയവര്‍ധനെ, ഹസി, സൈമണ്ട്‌സ്, മലിംഗ്, കൈഫ് എന്നിതാരങ്ങളാണ് സേവാഗ് നയിക്കുന്ന പാലസ് ഡയമണ്ട് ടീമിലുള്ളത്. അഫ്രിദിയുടെ ടീമിലാകട്ടെ റാവല്‍ പിണ്ടി എക്സ്പ്രസ് ഷുഹൈയിബ് അക്തറും അബ്ദുള്‍ റസാഖ്, കാലീസ്, വെട്ടോറി തുടങ്ങിയ മുന്‍നിര താരങ്ങളും അണിനിരന്നു.  


No comments:

Powered by Blogger.