Breaking

അന്നു സച്ചിനും ഗാംഗുലിയും, ഇത്തവണ ദിനേഷ് കാര്‍ത്തിക്കും രോഹിത്ത് ശര്‍മ്മയും

ശ്രീലങ്കയ്ക്ക് സ്വാതന്ത്രം ലഭിച്ചതിന്റെ 70ാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് ഇത്തവണ നിദാഹാസ് ട്രോഫി സംഘടിപ്പിച്ചത്. ബംഗ്ലാദേശും ഇന്ത്യയും തമ്മിലായിരുന്നു കലാശ പോരാട്ടം നടന്നത്. ദിനേഷ് കാര്‍ത്തിക്ക്, നായകന്‍ രോഹിത്ത് ശര്‍മ്മ എന്നിവരുടെ മികവിലാണ് ഇത്തവണ നിദാഹാസ് ട്രോഫി ഇന്ത്യ നേടിയത്.  നേരത്തെ ശ്രീലങ്കയുടെ 50ാം സ്വാന്തന്ത്ര്യ വാര്‍ഷിക വേളയിലും നിദാഹാസ് ട്രോഫി സംഘടിപ്പിച്ചിരുന്നു. അന്നു ഇന്ത്യ, ന്യൂസിലാന്‍ഡ് എന്നീ രാജ്യങ്ങളുമായിട്ടാണ് ലങ്ക ഏറ്റുമുട്ടിയത്. 1998 ല്‍ നടന്ന ആദ്യ നിദാഹാസ് ട്രോഫിയില്‍ ഇന്ത്യയെ നയിച്ചത് മുഹമ്മദ് അസ്ഹറുദ്ദീനാണ്.  ഇന്ത്യയും ശ്രീലങ്കയും തമ്മിലായിരുന്നു അന്ന് കലാശ പോരാട്ടം. ആറു റണ്‍സിന് ലങ്കയെ തോല്‍പ്പിച്ച് ഇന്ത്യ കിരീടം നേടി. അന്നത്തെ യുവതാരങ്ങളായ സൗരവ് ഗാംഗുലിയും സച്ചിന്‍ ടെണ്ടുല്‍ക്കറും നേടിയ സെഞ്ച്വറികളാണ് ഇന്ത്യയുടെ വിജയത്തിന് നിര്‍ണായകമായത്. ഒരുപിടി യുവതാരങ്ങളുമായി രോഹിത് ശര്‍മ്മയും കൂട്ടരും മത്സരിച്ചപ്പോഴും ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്തിനു മുന്‍ഗാമികളുടെ പോലെ എന്നും ഓര്‍മ്മിക്കാവുന്ന വിജയമാണ് ലഭിച്ചത്.  ഇത്തവണ അവസാന പന്തില്‍ ഇന്ത്യയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് അഞ്ചു റണ്‍സ്. ക്രീസില്‍ ഇന്ത്യന്‍ ജനതയുടെ പ്രതീക്ഷയായി ദിനേഷ് കാര്‍ത്തിക്ക്. സൗമ്യ സര്‍ക്കറിന്റെ പന്ത് ബൗണ്ടറി കടത്തി ദിനേഷ് കാര്‍ത്തിക്ക് നിദാഹാസ് ട്രോഫി ഇന്ത്യയിലേക്ക് എന്ന് ഉറപ്പിച്ചു.  കേവലം എട്ടു പന്തില്‍ നിന്ന് ദിനേഷ് കാര്‍ത്തിക്ക് നേടിയ 29 റണ്‍സാണ് ഇന്ത്യയ്ക്ക് 168 റണ്‍സ് നേടുന്നതിനു സഹായകരമായത്. 18 ാമത്തെ ഓവര്‍ അവസാനിക്കുമ്പോള്‍ ഇന്ത്യ 133ന് അഞ്ച് എന്ന നിലയിലായിരുന്നു. ജയിക്കാന്‍ വേണ്ടത് 34 റണ്‍സ്. രണ്ട് ഓവര്‍ മാത്രം ബാക്കി. ക്രീസിലെത്തിയ ദിനേഷ് കാര്‍ത്തി നേരിട്ട് ആദ്യ പന്ത് തന്നെ സിക്‌സ് പറത്തി ലക്ഷ്യം വ്യക്തമാക്കി. തോല്‍ക്കാന്‍ മനസില്ലെന്ന് വ്യക്തമാക്കിയ 19 ാമത്തെ ഓവറില്‍ നേടിയത് 22 റണ്‍സാണ്. അവസാന ഓവറില്‍ വിജയലക്ഷ്യം 12 റണ്‍സ്. പിന്നീട് അവസാന ഓവറിലെ അവസാന പന്തും ദിനേഷ് കാര്‍ത്തിക്കിന് ലഭിച്ചത് നാടകീയ വിജയത്തിനു കാരണമായി  42 പന്തില്‍ 56 റണ്‍സ് നേടിയ രോഹിത്താണ് ഇന്ത്യയുടെ ടോപ് സ്‌കോകര്‍.നാലു ഫോറും മൂന്നു സിക്‌സും സഹിതമാണ് രോഹിത്ത് അര്‍ധസെഞ്ചുറി നേടിയത്. 2.4 ഓവറില്‍ ഷക്കീബ് അല്‍ ഹസന്‍ വിക്കറ്റ് സമ്മാനിച്ചാണ് പത്തു റണ്‍സ് നേടിയ ശിഖര്‍ ധവാന്‍ മടങ്ങിയത്. സുരേഷ് റെയ്‌ന നേരിട്ട ആദ്യ പന്തില്‍ തന്നെ പൂജ്യത്തിന് മടങ്ങി. കെ എല്‍ രാഹുല്‍ 14 പന്തില്‍ 24 റണ്‍സും മനീഷ് പാണ്ഡെ 27 പന്തില്‍ 28 റണ്‍സും സ്വന്തമാക്കി  ടോസ് നേടിയ ഇന്ത്യ ബംഗ്ലാദേശിനെ ബാറ്റിംഗിനയ്ക്കുകയായിരുന്നു. നിദാഹാസ് ട്രോഫി ഫൈനലില്‍ തകര്‍ച്ചയോടെ തുടങ്ങിയ ബംഗ്ലാദേശിനെ കരകയറ്റി സാബിര്‍ റഹ്മാന്റെ ഒറ്റയാള്‍ പോരാട്ടമാണ്. ബംഗ്ലാദേശ് നിശ്ചിത 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സാണ് നേടിയത്. ബംഗ്ലാദേശിനു വേണ്ടി സാബിര്‍ റഹ്മാന്‍ 50 പന്തില്‍ 77 റണ്‍സാണ് നേടിയത്. ജയദേവ് ഉനദ്കടിന്റെ പന്തില്‍ 19 ാം ഓവറില്‍ സാബിര്‍ പുറത്താക്കുമ്പോള്‍ ബംഗ്ലാദേശ് 147 റണ്‍സ് സ്വന്തമായിക്കിരുന്നു.  ഇന്ത്യന്‍ യുവനിരയുടെ മുന്നില്‍ അതിദയനീയമായിട്ടാണ് ബംഗ്ലാദേശ് ബാറ്റസമാന്‍മാര്‍ പരാജയപ്പെട്ടത്. ഒരുഘട്ടത്തില്‍ പൊരുതാന്‍ സാധിക്കുന്ന സ്‌കോര്‍ നേടാന്‍ പോലും സാധിക്കുമോ എന്നു തോന്നുന്ന വിധത്തിലായിരുന്നു ബംഗ്ലാദേശിന്റെ പ്രകടനം.  ഇന്ത്യയ്ക്ക് വേണ്ടി യുസ്വേന്ദ്ര ചാഹല്‍ നാലു ഓവറില്‍ 18 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. ജയദേവ് ഉനദ്കട് നാലു ഓവറില്‍ 33 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റാണ് നേടിയത്


No comments:

Powered by Blogger.