Breaking

ഇപ്പോള്‍ പേരില്ല, പക്ഷെ കഴിഞ്ഞാല്‍ പേരെടുക്കും!! ഇവരെ കരുതിയിരിക്കുക...

മുംബൈ: ഐപിഎല്ലിന്റെ മറ്റൊരു സീസണ്‍ കൂടി ഏപ്രിലില്‍ ആരംഭിക്കാന്‍ പോവുകയാണ്. കഴിഞ്ഞ 10 സീസണുകളില്‍ കണ്ട താരങ്ങളെയല്ല ഇക്കുറി വിവിധ ടീമുകള്‍ക്കൊപ്പം കാണുക. ചിലരെ മാത്രം നിലനിര്‍ത്തി അടിമുടി ഉടച്ചു വാര്‍ത്താണ് ടീമുകളെത്തുന്നത്.  അന്താരാഷ്ട്ര ക്രിക്കറ്റില്‍ അത്ര സുപരിചിതരല്ലാത്ത ചില താരങ്ങള്‍ പുതിയ സീസണില്‍ തങ്ങളുടെ മികവ് പുറത്തെടുക്കാനുറച്ച് പാഡണിയുന്നുണ്ട്. ഇപ്പോള്‍ പേരില്ലെങ്കിലും ടൂര്‍ണമെന്റ് കഴിമ്പോഴേക്കും പേരെടുത്ത് ഐപിഎല്ലിലെ കറുത്ത കുതിരയാവാന്‍ സാധ്യതയുള്ള അഞ്ചു താരങ്ങള്‍ ആരൊക്കെയെന്നു നോക്കാം.  ജോഫ്ര ആര്‍ച്ചര്‍ ഓസ്‌ട്രേലിയയില്‍ നടക്കുന്ന ബിഗ് ബാഷ് ട്വന്റി20 ലീഗിന്റെ കണ്ടുപിടുത്തമാണ് വെസ്റ്റ് ഇന്‍ഡീസ് യുവതാരം ജോഫ്ര ആര്‍ച്ചര്‍. ഏവരെയും ഞെട്ടിച്ചു കൊണ്ടു താരലേലത്തില്‍ 7.2 കോടി രൂപയ്ക്കാണ് താരത്തെ രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയത്. മിന്നല്‍ വേഗത്തില്‍ പന്തെറിയുന്നതിനൊപ്പം അവസാന ഓവറുകള്‍ കൂറ്റന്‍ ഷോട്ടുകള്‍ കളിക്കൈനും മിടുക്കനാണ് ആര്‍ച്ചര്‍. ഈ സീസണിലെ ബിഗ് ബാഷ് ലീഗില്‍ 12 മല്‍സരങ്ങൡ നിന്നും 16 വിക്കറ്റെടുക്കാന്‍ താരത്തിനായിരുന്നു. ബാറ്റിങ്, ബൗളിങ് എന്നിവ മാത്രമല്ല ഫീല്‍ഡിങിലും ആര്‍ച്ചര്‍ ഒരു സംഭവമാണ്.  കാമറണ്‍ ഡെല്‍പോര്‍ട്ട് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റിലെ അടുത്ത സൂപ്പര്‍ താരമാണ് ഇടംകൈയന്‍ ബാറ്റ്‌സ്മാനായ കാമറണ്‍ ഡെല്‍പോര്‍ട്ട്. ഇത്തവണ വെറും 30 ലക്ഷം രൂപത്തിനാണ് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് താരത്തെ സ്വന്തമാക്കിയത്. ലോകം മുഴുവന്‍ വിവിധ ടൂര്‍ണമെന്റിുകളില്‍ കളിച്ച് മികവ് തെളിയിച്ച താരം കൂടിയാണ് അദ്ദേഹം. ഇതുവരെ 139 ട്വന്റി20 മല്‍സരങ്ങളില്‍ നിന്നായി 3224 റണ്‍സ് ഡെല്‍പോര്‍ട്ട് നേടിയിട്ടുണ്ട്. മീഡിയം പേസര്‍ കൂടിയായ താരം ട്വന്റി20യില്‍ 48 വിക്കറ്റുകളും നേടിയിട്ടുണ്ട്.  മുജീബുര്‍ റഹ്മാന്‍ സ്പിന്‍ സെന്‍സേഷന്‍ റാഷിദ് ഖാനു ശേഷം അഫ്ഗാനിസ്താന്‍ ക്രിക്കറ്റിലെ മറ്റൊരു സ്പിന്‍ വിസ്മയമാണ് 16 കാരനായ മുജീബുര്‍ റഹ്മാന്‍. കഴിഞ്ഞ വര്‍ഷം ബംഗ്ലാദേശും അഫ്ഗാനിസ്താനും തമ്മില്‍ നടന്ന യൂത്ത് ക്രിക്കറ്റ് പരമ്പരയില്‍ ഏറ്റവുമധികം വിക്കറ്റ് നേടിയത് റഹ്മാനായിരുന്നു. 17 വിക്കറ്റുകളാണ് താരം പോക്കറ്റിലാക്കിയത്. ഈ വര്‍ഷം ന്യൂസിലന്‍ഡില്‍ നടന്ന അണ്ടര്‍ 19 ലോകകപ്പിലും 16 കാരന്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചു. ന്യൂസിലന്‍ഡിനെതിരേ റഹ്മാന്റെ നാലു വിക്കറ്റ് പ്രകടനമാണ് അഫ്ഗാന് സെമിയിലേക്കു യോഗ്യത സമ്മാനിച്ചത്. ദേശീയ ടീമിനു വേണ്ടി 10 മല്‍സരങ്ങളില്‍ നിന്നും 24 വിക്കറ്റുകളാണ് താരത്തിന്റെ സമ്പാദ്യം. ഇത്തവണ ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനു വേണ്ടിയാണ് റഹ്മാന്‍ പന്തെറിയുക.  ജാസണ്‍ ബെഹറന്‍ഡോര്‍ഫ് ഓസ്‌ട്രേലിയയുടെ ഇടംകൈയന്‍ പേസറാണ് ജാസണ്‍ ബെഹറന്‍ഡോര്‍ഫ്. രണ്ടു ഭാഗങ്ങളിലേക്കും പന്ത് ഒരുപോലെ സ്വിങ് ചെയ്യിക്കാന്‍ മിടുക്കനാണ് ബെഹറന്‍ഡോര്‍ഫ്. 40 ട്വന്റി20 മല്‍സരങ്ങളില്‍ നിന്നും 57 വിക്കറ്റുകള്‍ താരം ഇതുവരെ നേടിയിട്ടുണ്ട്. മുംബൈ ഇന്ത്യന്‍സാണ് 1.5 കോടി രൂപയ്ക്ക് ഈ സീസണിലെ ഐപിഎല്ലില്‍ ബെഹര്‍ഡോര്‍ഫിനെ ടീമിലെത്തിച്ചത്. ദേശീയ ടീമിനായി വെറും രണ്ടു മല്‍സരങ്ങള്‍ മാത്രമേ അദദ്ദേഹം കളിച്ചിട്ടുള്ളൂ  സന്ദീപ് ലാമിച്ചാനെ ഐപിഎല്ലില്‍ കളിക്കാന്‍ അവസരം ലഭിക്കുന്ന ആദ്യ നേപ്പാളി താരമാണ് 17 കാരനായ സ്പിന്നര്‍ സന്ദീപ് ലാമിച്ചാനെ. 20 ലക്ഷം രൂപയ്ക്കാണ് താരം ഡല്‍ഹി ഡെയര്‍ഡെവിള്‍സിലെത്തിയത്. 2016ലെ ഐസിസി അണ്ടര്‍ 19 ലോകകപ്പില്‍ നേപ്പാളിനായി ഏറ്റവുമധികം വിക്കറ്റുകള്‍ നേടിയ താരം കൂടിയായിരുന്നു ലാമിച്ചാനെ. ആറു മല്‍സരങ്ങളില്‍ നിന്നും 14 വിക്കറ്റുകളാണ് താരം പോക്കറ്റിലാക്കിയത്. ഈ വര്‍ഷത്തെ ലോകക ക്രിക്കറ്റ് ലീഗ് ഡിവിഷനിലെ പ്ലെയര്‍ ഓഫ് ടൂര്‍ണമെന്റ് പുരസ്‌കാരവും ലാമിച്ചാനെ നേടിയിരുന്നു


No comments:

Powered by Blogger.