Breaking

ബംഗ്ലാദേശിന് ഇപ്പോഴും കുട്ടിക്കളി

കൊളംബൊ: കളിക്കളത്തിലെ വൈകാരിക പ്രതികരണങ്ങളാല്‍ ശ്രദ്ധേയമാണ് ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങള്‍. ചെറിയ വിജയങ്ങള്‍ പോലും അവര്‍ ആഘോഷിക്കുന്നതും എതിരാളികള്‍ക്ക് പ്രകോപനമുണ്ടാക്കുന്നതും ക്രിക്കറ്റ് പ്രേക്ഷകര്‍ക്ക് പുതുമയുള്ള കാര്യമല്ല. എന്നാല്‍, കഴിഞ്ഞദിവസം കൊളംബോയില്‍ അവര്‍ നടത്തിയ പ്രതിഷേധം അതിരുകടക്കുന്നതായി.  നാട്ടിന്‍പുറത്തെ ക്രിക്കറ്റ് കളിക്കാര്‍പോലും പ്രകടിപ്പിക്കാത്ത അതിവൈകാരികതയാണ് കഴിഞ്ഞദിവസം ലോകം കണ്ടത്. മൈതാന മധ്യത്തില്‍വെച്ച് ബംഗ്ലാദേശ് ശ്രീലങ്ക ക്രിക്കറ്റ് താരങ്ങള്‍ തമ്മില്‍ വാക്കേറ്റമുണ്ടായപ്പോള്‍ ഗ്രൗണ്ടിന് പുറത്തുനിന്നും ടീമിനെ തിരിച്ചുവിളിക്കുകയായിരുന്നു ഓള്‍ റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസന്‍.ഇതൊരു അന്താരാഷ്ട്ര കളിയാണെന്നും തങ്ങള്‍ പ്രൊഫഷണല്‍ കളിക്കാരാണെന്നും മറന്നുകൊണ്ട് ഷാക്കിബും കൂട്ടരും ഗ്രൗണ്ടിനകത്തും പുറത്തും സൃഷ്ടിച്ച നാടകീയ മുഹൂര്‍ത്തങ്ങള്‍ ക്രിക്കറ്റിന് തന്നെ നാണക്കേടായി. എന്തായാലും ഷാക്കിബിന്റെ വിളികേട്ട് മൈതാനം വിടാതിരുന്ന മുഹമ്മദുള്ളയും സഹതാരവും കൂടുതല്‍ പ്രശ്‌നങ്ങള്‍ക്കിടയാക്കിയില്ല.  ഷാക്കിബിന്റെ നിരുത്തരവാദപരമായ ഇടപെടലിന് ഐസിസി പിഴ ശിക്ഷയാണ് നല്‍കിയത്. കളിയുടെ 25 ശതമാനം ഷാക്കിബ് പിഴയൊടുക്കണം. സഹതാരം നൂറുല്‍ ഹസനും ഇതേ പിഴ നല്‍കിയിട്ടുണ്ട്. ഒരു ക്യാപ്റ്റന്റെ യാതൊരു നിലവാരവും കാണിക്കാത്ത ഷാക്കിബിന് വിലക്ക് ഉള്‍പ്പെടെ ലഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നെങ്കിലും തത്കാലം രക്ഷപ്പെടുകയായിരുന്നു.


No comments:

Powered by Blogger.