Breaking

വാര്‍ണര്‍ക്കും ഡികോക്കിനുമെതിരെ ഐസിസിയുടെ കടുത്ത നടപടി

ഡര്‍ബനില്‍ ഡ്രസ്സിംഗ് റൂമില്‍ ഏറ്റുമുട്ടിയതിന് പിന്നാലെ ഓസ്‌ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണര്‍ക്കും ദക്ഷിണാഫ്രിക്കന്‍ താരം ക്വിന്റണ്‍ ഡിക്കോക്കിനുമെതിരെ ഐസിസിയുടെ നടപടി വരുന്നു. ഐസിസിയുടെ നടപടി പ്രകാരം വാര്‍ണര്‍ക്ക് ഒരു ടെസ്റ്റ് മത്സരത്തില്‍ നിന്ന് വിലക്കും ഡിക്കോക്കിനു പിഴയുമാവും വിധിക്കുകയെന്നാണ് സൂചന.  ഡികോക്ക് മത്സര ഫീസിന്റെ അന്‍പത് ശതമാനം പിഴയൊടുക്കേണ്ടി വരും. ഇരുവരും ഐസിസിയുടെ പെരുമാറ്റചട്ടം ലംഘിച്ചതായാണ് ഐസിസി കണ്ടെത്തിയിരി്ക്കുന്നത്. മാര്‍ച്ച് എഴിനകം ടീമുകള്‍ക്ക് വിശദീകരണം നല്‍കാവുന്നതാണ്.  ഡര്‍ബണ്‍ ടെസ്റ്റിന്റെ നാലാം ദിവസം ചായക്ക് പിരിയുമ്പോഴാണ് വിവാദമായ സംഭവങ്ങള്‍ അരങ്ങേറിയത്. എബി ഡി വില്ലിയേഴ്‌സ് റണ്‍ഔട്ട് ആയ ശേഷം എയ്ഡന്‍ മാര്‍ക്രത്തിനെതിരെ അസഭ്യവര്‍ഷം നടത്തിയ വാര്‍ണര്‍ പിന്നീട് ചായ സമയത്ത് ഡ്രെസ്സിംഗ് റൂമിലേക്ക് മടങ്ങവെ ക്വിന്റണ്‍ ഡിക്കോക്കുമായും കൊമ്പു കോര്‍ക്കുകയായിരുന്നു.  നേരത്തെ എബി ഡി വില്ലിയേഴ്‌സിന്റെ ശരീരത്തിലേക്ക് പന്ത് എറിഞ്ഞതിനു നഥാന്‍ ലയണിനു ഒരു ഡീ മെറിറ്റ് പോയിന്റും 15 ശതമാനം മാച്ച് ഫീസ് പിഴയും വിധിച്ചിരുന്നു. സംഭവത്തിനു ശേഷം എബിഡിയോട് ലയണ്‍ മാപ്പും പറഞ്ഞിരുന്നു.  മത്സരത്തില്‍ ഓസ്‌ട്രേലിയ വിജയിച്ചിരുന്നു. 118 റണ്‍സിനാണ് ഓസ്‌ട്രേലിയ ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. ഇതോടെ പരമ്പര 1-0ത്തിന് ഓസ്‌ട്രേലിയ മുന്നിലെത്തി


No comments:

Powered by Blogger.