പിറന്നാള്‍ ദിനത്തില്‍ സെഞ്ച്വറി... ഇതിനേക്കാള്‍ വലിയ എന്തു നേട്ടമുണ്ട്? ബെര്‍ത്ത്‌ഡേ ഹീറോസ്
മുംബൈ: അന്താരാഷ്ട്ര ക്രിക്കറ്റില്‍ സെഞ്ച്വറികള്‍ക്ക് ഒരു പഞ്ഞവും ഉണ്ടായിട്ടില്ല. എന്നാല്‍ സ്വന്തം പിറന്നാള്‍ ദിനത്തില്‍ തന്നെ സെഞ്ച്വറി നേടി ലോകത്തെ അദ്ഭുതപ്പെടുത്തിയ ചില കളിക്കാരുണ്ട്. പിറന്നാള്‍ ദിവസം തന്നെ സെഞ്ച്വറി നേടി ടീമിന്റെ ഹീറോ ആവുന്നതിനേക്കാള്‍ വലുതായി ഒരു ക്രിക്കറ്റര്‍ മറ്റെന്താണുള്ളത്. കുറച്ചു താരങ്ങള്‍ക്കു മാത്രമേ പിറന്നാള്‍ ദിവസം ഇങ്ങനെ സെഞ്ച്വറിയുമായി ലോകത്തെ വിസ്മയിപ്പിക്കാന്‍ സാധിച്ചിട്ടുള്ളൂ. പിറന്നാള്‍ ദിനം സെഞ്ച്വറി നേടിയ 10 താരങ്ങള്‍ ആരൊക്കെയെന്നു നോക്കാം. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഇന്ത്യയുടെ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കും തന്റെ പിറന്നാള്‍ ദിനത്തില്‍ സെഞ്ച്വറി നേടാന്‍ ഭാഗ്യമുണ്ടായിട്ടുണ്ട്. 1998ലെ ഷാര്‍ജ കപ്പില്‍ ഓസ്‌ട്രേലിയക്കെതിരേയായിരുന്നു ഇത്. ഏപ്രില്‍ 24ന് തന്റെ പിറന്നാള്‍ ദിനമാണ് സച്ചിന്‍ കംഗാരുക്കളെ തല്ലിച്ചതച്ചത്. ഓസീസ് സ്പിന്‍ വിസ്മയം ഷെയ്ന്‍ വോണിനെ സച്ചിന്‍ കടന്നാക്രമിച്ച മല്‍സരം കൂടിയായിരുന്നു ഇത്. ക്രിക്കറ്റ് പ്രേമികളുടെയും വോണിന്റെയും മനസ്സില്‍ നിന്നും ഒരിക്കും മായാത്ത ഇന്നിങ്‌സായി ഇന്നും ഇതു നിലനില്‍ക്കുന്നു. അന്നു 275 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയെ 134 റണ്‍സ് അടിച്ചെടുത്ത സച്ചിന്‍ ഏറക്കുറെ തനിച്ചു തന്നെ വിജയത്തിലെത്തിക്കുകയായിരുന്നു. വിനോദ് കാംബ്ലി സച്ചിനേക്കാള്‍ കേമനെന്നു കരിയറിന്റെ തുടക്കകാലത്ത് വിശേഷിപ്പിക്കപ്പെട്ട വിനോദ് കാംബ്ലിയും പിറന്നാള്‍ ദിവസം സെഞ്ച്വറി തികച്ചിട്ടുണ്ട്. 1993 ജനുവരി 18ന് ജയ്പൂരില്‍ നടന്ന മല്‍സരത്തില്‍ ഇംഗ്ലണ്ടിനെതിരേയായിരുന്നു കാംബ്ലിയുടെ അവിസ്മരണീയ ഇന്നിങ്‌സ്. 149 പന്തിലായിരുന്നു കാംബ്ലി 100 റണ്‍സെടുത്തത്. പക്ഷെ ടീമിനെ വിജയത്തിലെത്തിക്കാന്‍ അദ്ദേഹത്തിനായില്ല. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ മഴ തടസ്സപ്പെടുത്തിയ കളിയില്‍ 48 ഓവറില്‍ 223 റണ്‍സെടുത്തപ്പോള്‍ ഇംഗ്ലണ്ട് അവസാന പന്തില്‍ ലക്ഷ്യം കണ്ടു. സനത് ജയസൂര്യ ശ്രീലങ്കയുടെ മുന്‍ ബാറ്റിങ് ഇതിഹാസം സനത് ജയസൂര്യയും ഭാഗ്യവാന്‍മാരുടെ പട്ടികയിലുണ്ട്. 2008 ജൂണ്‍ 30നു കറാച്ചിയില്‍ ബംഗ്ലാദേശിനെതിരായ കളിയിലാണ് ജയസൂര്യ സെഞ്ച്വറിയുമായി പിറന്നാള്‍ കളിക്കളത്തില്‍ ആര്‍ഭാടമാക്കിയത്. പാകിസ്താനില്‍ നടന്ന ഏഷ്യാ കപ്പിലെ ഗ്രൂപ്പ് മല്‍സരത്തിലായിരുന്നു അദ്ദേഹത്തിന്റെ സെഞ്ച്വറി പ്രകടനം. ബംഗ്ലാദേശിനെതിരേ ലങ്ക 158 റണ്‍സിന്റെ കൂറ്റന്‍ വിജയമാഘോഷിച്ച മല്‍സരത്തില്‍ ജയസൂര്യ വെറും 88 പന്തില്‍ 130 റണ്‍സാണ് വാരിക്കൂട്ടിയത് റോസ് ടെയ്‌ലര്‍ ബെര്‍ത്ത് ഡേ സെഞ്ച്വറി വീരന്‍മാരുടെ ലിസ്റ്റില്‍ ഇപ്പോഴും മല്‍സരംഗത്തു തുടരുന്ന താരമാണ് ന്യൂസിലന്‍ഡിന്റെ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ റോസ് ടെയ്‌ലര്‍. 2011 മാര്‍ച്ച് എട്ടിനു കാന്‍ഡിയില്‍ നടന്ന മല്‍സരത്തില്‍ പാകിസ്താനെതിരേയായിരുന്നു ടെയ്‌ലറുടെ സെഞ്ച്വറി നേട്ടം. 2011 ലെ ലോകകപ്പിന്റെ ഗ്രൂപ്പ് മല്‍സരം കൂടിയായിരുന്നു ഇത്. മല്‍സരത്തില്‍ 124 പന്തില്‍ 131 റണ്‍സാണ് ടെയ്‌ലര്‍ നേടിയത്. ലോകകപ്പില്‍ സെഞ്ച്വറി ദിവസം തന്നെ സെഞ്ച്വറി നേടുന്ന ഏക ബാറ്റ്‌സ്മാനെന്ന റെക്കോര്‍ഡ് ഇപ്പോഴും ടെയ്‌ലറുടെ പേരിലാണ്. മല്‍സരത്തില്‍ കിവീസ് പാകിസ്താനെ തകര്‍ത്തുവിട്ടപ്പോള്‍ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും ടെയ്‌ലറെ തേടിയെത്തി ജാസണ്‍ ഗില്ലെസ്പി പേസ് ബൗളിങിലൂടെ എതിരാളികളെ വിറപ്പിച്ചിട്ടുള്ള ഓസ്‌ട്രേലിയയുടെ മുന്‍ ബൗളര്‍ ജാസണ്‍ ഗില്ലെസ്പിയും പിറന്നാള്‍ ദിവസം സെഞ്ച്വറി നേടിയിട്ടുണ്ട്. 2006 ഏപ്രില്‍ 19നു ബംഗ്ലാദേശിനെതിരേ ചിറ്റഗോങില്‍ നടന്ന ടെസ്റ്റ് മല്‍സരത്തിലായിരുന്നു ഇത്. നൈറ്റ് വാച്ച്മാനായി ക്രീസിലെത്തിയ ഗില്ലെസ്പി ഡബിള്‍ സെഞ്ച്വറിയാണ് മല്‍സരത്തില്‍ കണ്ടെത്തിയത്. ഗില്ലെസ്പിയുടെ അവിശ്വസനീയ ഇന്നിങ്‌സിന്റെ മികവില്‍ ഓസീസ് ഈ ടെസ്റ്റില്‍ വന്‍ വിജയം നേടുകയും ചെയ്തു രാംനരേഷ് സര്‍വന്‍ വെസ്റ്റ് ഇന്‍ഡീസിന്റെ മുന്‍ വിശ്വസ്തനായ താരം രാംനരേഷ് സര്‍വനും പിറന്നാള്‍ ദിനം സെഞ്ച്വറി നേടി ആഘോഷിച്ചിട്ടുണ്ട്. 2006 ജൂണ്‍ 23ന് സെന്റ് കിറ്റ്‌സില്‍ ഇന്ത്യക്കെതിരേ നടന്ന ടെസ്റ്റ് മല്‍സരത്തിലായിരുന്നു സര്‍വന്റെ പിറന്നാള്‍ സമ്മാനം. 116 റണ്‍സെടുത്ത സര്‍വന്റെ കരുത്തില്‍ വിന്‍ഡീസ് 581 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തുകയും ചെയ്തു. എങ്കിലും മല്‍സരം സമനിലയില്‍ അവസാനിക്കുകയായിരുന്നു അലെക് സ്റ്റുവര്‍ട്ട് 1994 ഏപ്രില്‍ എട്ടിനു ലണ്ടനില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ നടന്ന ടെസ്റ്റിലാണ് ഇംഗ്ലണ്ടിന്റെ മുന്‍ നായകനായ അലെക്‌സ് സ്റ്റുവര്‍ട്ട് പിറന്നാള്‍ ദിനത്തില്‍ സെഞ്ച്വറി കണ്ടെത്തിയത്. 118 റണ്‍സാണ് പിറന്നാള്‍ ദിവസം സ്റ്റുവര്‍ട്ട് നേടിയത്. രണ്ടാമിന്നിങ്‌സിലും സെഞ്ച്വറി നേട്ടം ആവര്‍ത്തിച്ച അദ്ദേഹത്തിന്റെ മികവില്‍ വിന്‍ഡീസിനെ ടെസ്റ്റില്‍ ഇംഗ്ലണ്ട് 208 റണ്‍സിനു തകര്‍ത്തുവിടുകയും ചെയ്തിരുന്നു ക്രിസ് ലൂയിസ് വെസ്റ്റ് ഇന്‍ഡീസിന്റെ മുന്‍ താരമായ ക്രിസ് ലൂയിസ് തന്റെ പിറന്നാള്‍ ദിനമായ ഫെബ്രുവരി 14ന് സെഞ്ച്വറി നേടിയിരുന്നു. 1993ല്‍ ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ ഇന്ത്യക്കെതിരായ ടെസ്റ്റ് മല്‍സരത്തിലായിരുന്നു ഇത്. ലൂയിസ് 117 റണ്‍സോടെ മിന്നിയെങ്കിലും ടെസ്റ്റില്‍ വിന്‍ഡീസ് ഇന്ത്യയോട് ഇന്നിങ്‌സ് തോല്‍വിയേറ്റു വാങ്ങി ഇമ്രാന്‍ ഖാന്‍ പാകിസ്താന്റെ മുന്‍ ക്യാപ്റ്റനും ഇതിഹാസ താരവുമായ ഇമ്രാന്‍ ഖാന്‍ ബെര്‍ത്ത്‌ഡേ ഹീറോസിന്റെ പട്ടികയിലുണ്ട്. 1980 നവംബര്‍ 25ന് ലാഹോറില്‍ വെസ്റ്റ് ഇന്‍ഡീസിനെതതിരായ ടെസ്റ്റിലാണ് ഇമ്രാന്‍ മൂന്നക്കം കടന്നത്. ഏഴാം നമ്പറില്‍ ബാറ്റിങിനിറങ്ങിയ ഇമ്രാന്‍ അന്ന് 123 റണ്‍സെടുത്തിരുന്നു. എന്നാല്‍ ടെസ്റ്റ് വിരസമായ സമനിലയില്‍ കലാശിച്ചു ഗ്രേയം പൊള്ളോക്ക് ദക്ഷിണാഫ്രിക്കയുടെ മുന്‍ താരം ഗ്രേയം പൊള്ളോക്കാണ് പട്ടികയിലുള്ള അവസാന ബാറ്റ്‌സ്മാന്‍. 1967 ഫെബ്രുവരി 25ന് തന്റെ പിറന്നാള്‍ ദിവസം പോര്‍ട്ട് എലിസബത്തില്‍ ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റിലായിരുന്നു ഗ്രേമിന്റെ സെഞ്ച്വറി പ്രകടനം. 105 റണ്‍സാണ് അദ്ദേഹം നേടിയത്. ടെസ്റ്റില്‍ ഓസീസിനെതിരേ ദക്ഷിണാഫ്രിക്ക ജയം നേടുകയും ചെയ്തു
No comments: