എന്തൊക്കെ സംഭവിച്ചാലും ഇവര്‍ രണ്ടു പേരും 2019 ലോകകപ്പ് ടീമിലുണ്ടാകും’; വിരാട് കോഹ്‌ലി പറയുന്നു
സെഞ്ചൂറിയന്‍: ഇന്ത്യയുടെ സ്പിന്‍ ഇരട്ടകളായ യുസ് വേന്ദ്ര ചാഹലും കുല്‍ദീപ് യാദവും ക്രിക്കറ്റ് ലോകത്തിന്റെ മൊത്തം അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങി മുന്നേറുകയാണ്. കുല്‍ദീപും ചാഹലും തീര്‍ക്കുന്ന തന്ത്രങ്ങള്‍ക്ക് മുന്നില്‍ വട്ടം കറങ്ങി വീഴുകയാണ് ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്മാര്‍. പൊതുവെ പേസിന് അനുകൂലമായ ദക്ഷിണാഫ്രിക്കന്‍ പിച്ചുകളില്‍ ഇന്ത്യന്‍ സ്പിന്നര്‍മാരുടെ പ്രകടനം ക്രിക്കറ്റ് പണ്ഡിതരുടെയടക്കം ശ്രദ്ധയാകര്‍ഷിച്ചിരിക്കുകയാണ്. നടന്നു കൊണ്ടിരിക്കുന്ന പരമ്പരയില്‍ രണ്ടു പേരും ചേര്‍ന്ന് വീഴ്ത്തിയത് 21 പോര്‍ട്ടീസ് വിക്കറ്റുകളാണ്.ഈ പ്രകടനം ചാഹലിനും കുല്‍ദീപിനും അടുത്ത കൊല്ലം നടക്കാനിരിക്കുന്ന ലോകകപ്പിലും സ്ഥാനമുറപ്പിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതിന്റെ സൂചനകള്‍ നായകന്‍ വിരാട് കോഹ്‌ലി തന്നെ നല്‍കുന്നുണ്ട്. ‘പറയാന്‍ എനിക്ക് വാക്കുകളില്ല. എതിരാളികള്‍ക്ക് ചുറ്റും ഇവര്‍ കെണിയുണ്ടാക്കുന്നത് കാണാന്‍ തന്നെ രസമാണ്. അതില്‍ നിന്നും പുറത്തു കടക്കാന്‍ ഒരു മാര്‍ഗ്ഗവുമില്ല. അവിശ്വസനീയമാണത്. രണ്ടു പേരും കഠിനാധ്വാനം ചെയ്യുന്നവരാണ്. ബൗള്‍ ചെയ്യുന്നതിലും ഫീല്‍ഡ് സെറ്റ് ചെയ്യുന്നതിലും നല്ല ധൈര്യവും അവര്‍ കാണിക്കുന്നുണ്ട്.’ കുല്‍ദീപിനേയും ചാഹലിനേയും കുറിച്ച് ഇന്ത്യന്‍ നായകന്റെ വാക്കുകളാണ്. ‘ഓരോ ഓവറിലും അവര്‍ ബാറ്റ്‌സ്ന്മാരെ കുറിച്ച് ചോദിക്കും. അത് ഇതുവരെ ഞാന്‍ കണ്ടിട്ടില്ല. ഓരോ ഓവറിലും രണ്ട് വിക്കറ്റ് എടുക്കുന്നു. അവര്‍ക്ക് സ്വന്തം കഴിവിലുള്ള വിശ്വാസമാണതിന് കാരണം. ടീമിനും അവരില്‍ വിശ്വാസമുണ്ട്. ടീം അവര്‍ക്ക് പിന്തുണ നല്‍കുകയും ചെയ്യുന്നുണ്ട്.’ വിരാട് കൂട്ടിച്ചേര്‍ക്കുന്നു. ഈ സാഹചര്യത്തില്‍ പോയാല്‍ അടുത്ത ലോകകപ്പില്‍ രണ്ടു പേരും ഇന്ത്യയുടെ ഭാഗമായിരിക്കും എന്നത് സംശയമില്ലാത്ത കാര്യമാണെന്നും വിരാട് കൂട്ടിച്ചേര്‍ത്തു.
No comments: