മത്സരത്തിനിടെ പിന്‍വലിച്ചു; രോഷം ക്യാമറയോട് തീര്‍ത്ത് റൊണാള്‍ഡോ
ലാ ലീഗയില്‍ 2-2ന് ലവാന്റെയ്‌ക്കെതിരേ സമനിലയില്‍ കുരുങ്ങിയ റയല്‍ മാഡ്രിഡിന്റെ മത്സരത്തില്‍ സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ പിന്‍വലിച്ചത് താരത്തിനും ആരാധകര്‍ക്കും അത്ര രുചിച്ചിട്ടില്ല. മത്സരത്തിന്റെ 82ാം മിനുട്ടിലാണ് മാഡ്രിഡ് പരിശീലകന്‍ സിദാന്‍ റൊണാള്‍ഡോയെ പിന്‍വലിച്ചത്.പിന്‍വലിച്ച ശേഷം റൊണാള്‍ഡോയ സൂം ചെയ്ത ക്യാമറയ്ക്ക് നേരെ റൊണാള്‍ഡോ പ്രതികരിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്. എന്നെ സൂം ചെയ്യാതെ, കളിയിലേക്ക് ക്യാമറ തിരിക്കൂ എന്നാണ് റൊണാള്‍ഡോ ക്യാമറയ്ക്ക് നേരെ പറയുന്നതെന്ന് മാര്‍ക്ക റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, മത്സരത്തില്‍ ക്രിസ്റ്റ്യാനോയെ പിന്‍വലിച്ചത് മധ്യനിരയില്‍ കൂടുതല്‍ വ്യക്തതയോടെ കളിക്കാന്‍ സാധിക്കുന്ന ഒരു കളിക്കാരനെ ഇറക്കാന്‍ വേണ്ടിയാണെന്ന് സിദാന്‍ വ്യക്തമാക്കിയിരുന്നു. ലവാന്റെയോടുള്ള സമനിലയോടെ ലാലിഗയില്‍ ഒന്നാമതുള്ള ബാഴ്സയേക്കാള്‍ 18 പോയിന്റിന് പിന്നിലായി റയല്‍ മാഡ്രിഡ്. വിജയങ്ങള്‍ തുടര്‍ച്ചയാക്കാന്‍ കഴിയാതെ റയല്‍ വലയുന്ന സാഹചര്യത്തില്‍ ചാംപ്യന്‍സ് ലീഗില്‍ പിഎസ്ജിയുമായുള്ള ഏറ്റുമുട്ടല്‍ എങ്ങിനെയാകുമെന്ന ആകാംക്ഷയിലാണ് ഫുട്ബോള്‍ ലോകം.
No comments: