സ്പിന്‍ ബ്രോസിന്‍റെ വിജയത്തിലെ പാതി ക്രെഡിറ്റ് ധോണിക്കെന്ന്
ചരിത്രത്തില്‍ ആദ്യമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ദക്ഷിണാഫ്രിക്കയില്‍ ഏകദിന പരമ്പര സ്വന്തമാക്കിയപ്പോള്‍ താരമായത് ഇന്ത്യയുടെ സ്പിന്‍ ബ്രോസാണ്. ദക്ഷിണാഫ്രിക്കയില്‍ പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യയ്ക്ക് നിര്‍ണായകമായത് കുല്‍ദീപ് യാദവിന്റെയും യുസ്വേന്ദ്ര ചാഹലിന്റെയും കൈക്കുഴ സ്പിന്നിന്‍റെ അകമഴിഞ്ഞ സഹായമാണ്.ദക്ഷിണാഫ്രിക്കയ്ക്കെതിരേ കളിച്ച അഞ്ച് മത്സരങ്ങളില്‍ നിന്നായി ഈ രണ്ട് സ്പിന്നര്‍മാരും കൂടി നേടിയത് 30 വിക്കറ്റുകളാണ്. ദക്ഷിണാഫ്രിക്ക ജയിച്ച നാലാം ഏകദിനത്തിലൊഴികെ ബാക്കിയുള്ള നാല് മത്സരങ്ങളിലും ഈ സ്പിന്നര്‍മാരുടെ മികവാണ് ഇന്ത്യയുടെ ജയങ്ങള്‍ക്കു പിന്നില്‍. കുല്‍ദീപ് യാദവ് 16 വിക്കറ്റുകള്‍ ഇതുവരെ നേടിയപ്പോള്‍ ചാഹല്‍ നേടിയത് 14 വിക്കറ്റുകളാണ്. എന്നാല്‍ ചാഹലിന്റെയും കുല്‍ദീപിന്റെയും വിജയത്തിന്റെ പിന്നില്‍ ധോണിയാണ് എന്നാണ് മുന്‍ ഇന്ത്യന്‍താരം അതുല്‍ വസ്സന്‍ പറയുന്നത്. ‘ഇരുവരുടേയും വിക്കറ്റിന്റെ പകുതിയും ധോണിയ്ക്ക് അവകാശപ്പെട്ടതാണ്. വിക്കറ്റിന് പിന്നില്‍ ധോണിയുടെ പ്രകടനം മികച്ചതാണ്. ഓരോ ബോള്‍ വരുന്നതിനു മുമ്പും ധോണിയ്ക്കറിയാം ആ ബോളിനെ ബാറ്റ്‌സ്മാന്‍ എങ്ങനെയാണ് കൈകാര്യം ചെയ്യാന്‍ പോകുന്നത് എന്ന്. ചാഹലും കുല്‍ദീപും ധോണിയോടാണ് കടപ്പെടേണ്ടത്. അവര്‍ക്ക് ക്രിക്കറ്റില്‍ പരചിയസമ്പത്ത് കുറവാണ്.എന്നാല്‍ ധോണി പരിചയസമ്പന്നനാണ് .ധോണി ചാഹലിനും കുല്‍ദീപിനായും ഹോം വര്‍ക്ക് ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ ധോണി തീര്‍ച്ചയായും പ്രശംസയര്‍ഹിക്കുന്നു.’വസ്സന്‍ പറയുന്നു. ‘ധോണിയുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുന്നതുകൊണ്ടാണ് സ്പിന്‍ ബ്രോസിന് വിക്കറ്റുകള്‍ നേടാനാവുന്നതും മികച്ചരീതിയില്‍ ബോള്‍ ചെയ്യാനാവുന്നതും’ വസ്സന്‍ കൂട്ടിച്ചേര്‍ത്തു. ധോണിയെ റണ്‍സെടുക്കാത്തതിന്റെ പേരില്‍ ക്രൂശിക്കുന്നവര്‍ ഇക്കാര്യംകൂടി ചിന്തിക്കണം. വേണ്ട സമയത്ത് നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ ഇന്ത്യയ്ക്ക് ധോണിയേപ്പോലോരു കളിക്കാരന്റെ സാന്നിദ്ധ്യം ടീമിലാവശ്യമാണ്’ വസ്സന്‍ വ്യക്തമാക്കി. ഇതുവരെ ദക്ഷിണാഫ്രിക്കയില്‍ സന്ദര്‍ശനത്തിനെത്തിയ താരങ്ങളില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ റെക്കോര്‍ഡാണ് ഇന്ത്യയുടെ സ്പിന്‍ ബ്രോസ് സ്വന്തമാക്കിയത്. 1998-99ല്‍ നടന്ന വെസ്റ്റിന്ത്യന്‍ ബോളര്‍ കെയ്ത് ആര്‍തര്‍ട്ടണ്‍ നേടിയ 12 വിക്കറ്റ് നേട്ടവും 1993-94ല്‍ നടന്ന ഓസ്ട്രേലിയയ്ക്കായി സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍ നേടിയ 11 വിക്കറ്റ് നേട്ടവുമാണ് ഇതിന് മുമ്പ് ഒരു ബോളര്‍ നേടിയ ഏറ്റവും ഉയര്‍ന്ന വിക്കറ്റ് നേട്ടം. ഈ റെക്കോര്‍ഡുകളാണ് ഇന്ത്യന്‍ താരങ്ങള്‍ തകര്‍ത്തത്
No comments: