Breaking

ട്വന്റി20യും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗും ഒരുപോലെ... ഇതാണ് കാരണമെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത്

കൊളംബോ: ട്വന്റി20 ക്രിക്കറ്റും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗും ഒരുപോലെയാണെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മ അഭിപ്രായപ്പെട്ടു. ശ്രീലങ്കയില്‍ നടക്കാനിരിക്കുന്ന നിദാഹാസ് ട്രോഫി ട്വന്റി20 ത്രിരാഷ്ട്ര പരമ്പരയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. സ്ഥിരം ക്യാപ്റ്റന്‍ വിരാട് കോലിയുടെ അഭാവത്തിലാണ് രോഹിത്തിന് ടീമിനെ നയിക്കാന്‍ ഭാഗ്യം ലഭിച്ചത്.  കോലി മാത്രമല്ല എംഎസ് ധോണിയടക്കം ആറു പ്രമുഖ താരങ്ങള്‍ പരമ്പരയില്‍ ഇന്ത്യക്കു വേണ്ടി കളിക്കുന്നില്ല. ചൊവ്വാഴ്ച രാത്രി ഇന്ത്യയും ലങ്കയും തമ്മിലാണ് ആദ്യ മല്‍സരം.  ആരും ഫേവറിറ്റുകളല്ല ട്വന്റി20 ക്രിക്കറ്റിനെ പ്രീമിയര്‍ ലീഗിനോട് ഉപമിക്കാന്‍ കാരണം അതിന്റെ അപ്രവചനീയത തന്നെയാണെന്ന് രോഹിത് ചൂണ്ടിക്കാട്ടി. ഒരു ടീമും ഫേവറിറ്റുകളല്ലെന്നതാണ് ട്വന്റി20യും പ്രീമിയര്‍ ലീഗും തമ്മിലുള്ള മുഖ്യ സാമ്യമെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടേതായ ദിവസം ഏതു ടീമിനും മറ്റൊരു ടീമിനെ തോല്‍പ്പിക്കാനാവുമെന്നും രോഹിത് സൂച്ിപ്പിച്ചു.  പ്രമുഖരില്ലാത്തത് തിരിച്ചടിയോ? ആറു പ്രമുഖ താരങ്ങളില്ലാത്ത പരീക്ഷണ ടീമിനെയാണല്ലോ ലങ്കയില്‍ നയിക്കേണ്ടതെന്ന ചോദ്യത്തിന് രോഹിത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു. ടീമില്‍ ആരൊക്കെ ഉണ്ട്, ആരൊക്കെ ഇല്ല എന്നതിനെക്കുറിച്ച് ചിന്തിക്കുന്നില്ല. ടീമിനെ നയിക്കാന്‍ അവസരം ലഭിച്ചതിനെ വലിയ ഭാഗ്യമായിട്ടാണ് കാണുന്നത്.  വിശ്രമം അനിവാര്യമാണ് ഇപ്പോള്‍ ഒരു ക്രിക്കറ്റ് താരത്തിന്റെ ഷെഡ്യൂള്‍ വളരെ തിരക്കേറിയതാണ്. അന്താരാഷ്ട്ര മല്‍സരങ്ങളും ഐപിഎല്‍ പോലുള്ള ടൂര്‍ണമെന്റുകളുമെല്ലാം തുടര്‍ച്ചയായി കളിക്കുന്നത് താരങ്ങളെ തളര്‍ത്തും. അതുകൊണ്ടു തന്നെ താരങ്ങള്‍ക്കു മതിയായ വിശ്രമം അനിവാര്യമാണെന്നും രോഹിത് പറഞ്ഞു.  നിര്‍ണായക ടൂര്‍ണമെന്റ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെ നിര്‍ണായകമായ ടൂര്‍ണമെന്റാണ് നിദാഹാസ് ട്രാഫിയെന്നു രോഹിത് അഭിപ്രായപ്പെട്ടു. റിസര്‍വ് താരങ്ങളുടെ കഴിവ് അളക്കേണ്ടത് വളരെ പ്രധാനമാണ്. നിരവധി പ്രതിഭാശാലികളായ താരങ്ങള്‍ ഇന്ത്യക്കുണ്ട്. അവസരം ലഭിക്കാന്‍ അവര്‍ കാത്തിരിക്കുകയായിരുന്നു. രഞ്ജി ട്രോഫിയടക്കമുള്ള പ്രാദേശിക ടൂര്‍ണമെന്റുകളിലും ഇന്ത്യന്‍ എ ടീമിനായു സ്ഥിരയതാര്‍ന്ന പ്രകടനം നടത്തിയവരാണ് ഈ താരങ്ങളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.  പ്രതിഭ തിരിച്ചറിയണം യുവതാരങ്ങള്‍ എങ്ങനെയാണ് അന്താരാഷ്ട്ര മല്‍സരങ്ങളില്‍ പെര്‍ഫോം ചെയ്യുകയെന്ന് ഈ ടൂര്‍ണമെന്റിലൂടെ കാണാം. ഈ യുവതാരങ്ങളെ ഒരു ഐസിസി ടൂര്‍ണമെന്റില്‍ നേരിട്ട് കളിപ്പിക്കുകയല്ല ചെയ്യേണ്ടത്. മറിച്ച് ഇതുപോലെയുള്ള പരമ്പരകളില്‍ കളിപ്പിച്ച് എത്രത്തോളം മികച്ച താരങ്ങളാണ് അവരെന്ന് തിരിച്ചറിയുകയാണ് വേണ്ടതെന്നും കോലി വിശദമാക്കി.


No comments:

Powered by Blogger.