Breaking

തീയില്‍ എരിഞ്ഞൊടുങ്ങി കങ്കാരുപ്പട’; ആദ്യദിനത്തില്‍ കൂടാരം കയറി ഓസീസ് സംഘം

പോര്‍ട്ട് എലിസബത്ത്: രണ്ടാം ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ദിവസം തന്നെ ഒന്നാമിന്നിങ്‌സില്‍ പുറത്തായി ഓസ്‌ട്രേലിയ. മികച്ച തുടക്കം ലഭിച്ചശേഷമാണ് കങ്കാരുപ്പട ദക്ഷിണാഫ്രിക്കന്‍ ബൗളിങ്ങിനു മുന്നില്‍ തകര്‍ന്നടിഞ്ഞത്. പോര്‍ട്ട് എലിസബത്തില്‍ നടക്കുന്ന മത്സരത്തില്‍ 243 റണ്ണിനാണ് ഓസീസ് സംഘം കൂടാരം കയറിയത്.  ഡേവിഡ് വാര്‍ണര്‍-കാമറൂണ്‍ ബാന്‍ക്രോഫ്ട് കൂട്ടുകെട്ട് ഒന്നാം വിക്കറ്റില്‍ നേടിയ 98 റണ്‍സിന്റെ തുടക്കം മുതലാക്കാന്‍ കഴിയാതെയായിരുന്നു സന്ദര്‍ശകര്‍ രണ്ടാം ടെസ്റ്റില്‍ സമ്മര്‍ദ്ദത്തിലായത്. വാര്‍ണര്‍ 63 റണ്‍സും ബാന്‍ക്രോഫ്ട് 38 റണ്‍സുമാണ് നേടിയത്. എന്നാല്‍ ഇരുവരും പുറത്തായതോടെ പിന്നാലെയെത്തിയവര്‍ക്ക റബാഡയുടെ മുന്നില്‍ പിടിച്ച് നില്‍ക്കാന്‍ കഴിയാതെ വരികയായിരുന്നു.  രണ്ടാം സെഷനില്‍ സ്റ്റീവന്‍ സ്മിത്ത്-ഷോണ്‍ മാര്‍ഷ് കൂട്ടുകെട്ട് പിടിച്ച നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും റബാഡയുടെ മുന്നില്‍ ഇരുവരും വിക്കറ്റിനു മുന്നില്‍ കുടുങ്ങുകയായിരുന്നു. മിച്ചല്‍ മാര്‍ഷിനെയും പുറത്താക്കി രണ്ടാം സെഷനില്‍ റബാഡ ദക്ഷിണാഫ്രിക്കയെ മത്സരത്തിലേക്ക് എത്തിക്കുകയായിരുന്നു.  സ്മിത്ത് 25 റണ്‍സും ഷോണ്‍ മാര്‍ഷ് 24 റണ്‍സുമാണ് നേടിയത്. ചായയ്ക്ക് പിന്നാലെ പാറ്റ് കമ്മിന്‍സിനെയും മിച്ചല്‍ സ്റ്റാര്‍ക്കിനെയും പുറത്താക്കി റബാഡ തന്റെ അഞ്ച് വിക്കറ്റ് നേട്ടം പൂര്‍ത്തിയാക്കി.  10 റണ്‍സുമായി ജോഷ് ഹാസല്‍വുഡ് പുറത്താകാതെ നിന്നെങ്കിലും മറ്റാര്‍ക്കും വാലറ്റത്ത് പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല. 96 റണ്‍സ് വിട്ടു നല്‍കിയാണ് റബാഡ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്. റബാലുംഗി ഗിഡി മൂന്ന് വിക്കറ്റും വീഴ്ത്തി.  മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കന്‍ സംഘം 1 വിക്കറ്റ് നഷ്ടത്തില്‍ 39 റണ്‍സ് എന്ന നിലയിലാണ്. 

No comments:

Powered by Blogger.