Breaking

പുതിയ ‘ട്വിസ്റ്റ്’: ‘കുറ്റക്കാര്‍ താരങ്ങളല്ല’

ദക്ഷിണാഫ്രിക്ക-ഓസ്‌ട്രേലിയ ആദ്യ ടെസ്റ്റിനിടെയുണ്ടായ വാര്‍ണര്‍ ഡി കോക്ക് വാക്ക്‌പോരില്‍ ക്രിക്കറ്റ് ലോകം അമ്പരന്നിരിക്കുകയാണ്. പൊതുവെ സൗമ്യനും ശാന്ത സ്വഭാവനത്തിനുടമയെന്നും പേര് കേട്ട ഓസീസ് സീനിയര്‍ താരം ഡേവിഡ് വാര്‍ണര്‍ ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡികോക്കും തമ്മില്‍ കൊമ്പു കോര്‍ത്തതും, റണ്ണൗട്ടില്‍ നിന്ന് രക്ഷ നേടാന്‍ ചാടിവീണ എബി ഡിവില്ലിയേഴ്സിന്റെ ദേഹത്തേക്ക് നഥാന്‍ ലിയോണ്‍ പന്തിട്ടതും ക്രിക്കറ്റ് ലോകത്ത് ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴിമരുന്നിട്ടിരിക്കുകയാണ്.  അതേസമയം, ഈ പ്രശ്‌നത്തില്‍ താരങ്ങളല്ല കുറ്റക്കാരെന്നും പ്രശ്‌നം സങ്കീര്‍ണമാകുന്നതിന് മുമ്പ് അമ്പയര്‍മാര്‍ ഇടപെടേണ്ടതായിരുന്നുവെന്നുമാണ് ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഡു പ്ലെസി പറയുന്നത്. ഗ്രൗണ്ടില്‍ വെച്ച് തന്നെ താരങ്ങള്‍ തമ്മിലുള്ള ഉരസല്‍ ആരംഭിച്ചിരുന്നു. ഇത് കണ്ട അമ്പയര്‍മാര്‍ അത് തുടക്കത്തില്‍ തന്നെ ഒഴിവാക്കണമായിരുന്നു. ഇക്കാര്യത്തില്‍ അമ്പയര്‍മാര്‍ക്കാണ് വലിയ പങ്കുള്ളത്. ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ കൂട്ടിച്ചേര്‍ത്തു.  ഇതിനിടെ ഓസീസ് താരങ്ങളുടെ നടപടിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് ദക്ഷിണാഫ്രിക്കയുടെ മുന്‍ ക്യാപ്റ്റനും ഇതിഹാസ താരവുമായ ഗ്രെയിം സ്മിത്ത് രംഗത്ത് വന്നു. ഒന്നാം ടെസ്റ്റില്‍ ഓസീസ് താരങ്ങളുടെ അതിരുവിട്ട വിജയാഹ്ലാദമാണ് മുന്‍ നായകനെ ചൊടിപ്പിച്ചത്. ‘വിജയത്തിലേക്ക് നീങ്ങിയ ഓസീസ് താരങ്ങള്‍ മാന്യതവിട്ട് തീക്കളിയാണ് കളിച്ചത്. ലിയോണൊക്കെ മുതിര്‍ന്ന താരങ്ങളാണ്. എനിക്ക് തോന്നുന്നത് അദ്ദേഹം അതില്‍ ആത്മാര്‍ത്ഥമായി ഖേദിക്കുമെന്നാണ്. വാര്‍ണറെ ഞങ്ങള്‍ കുറേക്കാലമായി കാണുന്നുണ്ട്. അയാളെ മൈന്റ് ചെയ്യാതിരിക്കുന്നതാണ് നല്ലതെന്നാണ് എന്റെ അഭിപ്രായം. അയാള്‍ ഇടയ്ക്കൊക്കെ മണ്ടനാണ്. അയാളെ അയാളുടെ വഴിക്ക് വിടുന്നതാണ് നല്ലത്’ എന്നാണ് സമിത്ത് പറഞ്ഞത്.  ഇതിന് മറുപടിയുമായി ഓസ്ട്രേലിയന്‍ മുന്‍ സൂപ്പര്‍ ആദം ഗില്‍ക്രിസ്റ്റും രംഗത്തെത്തിയതോടെ പോര് കൂടുതല്‍ മുറുകി. ‘ഡര്‍ബനില്‍ നടന്നത് തികച്ചും മോശം സംഭവങ്ങളാണ്. വാര്‍ണര്‍ക്കെതിരെ വളരെ മോശമായ എന്തെങ്കിലും പറയാതെ അദ്ദേഹം അങ്ങനെ പെരുമാറില്ല. ഇത് നല്ലതല്ല,’ ഗില്‍ക്രിസ്റ്റ് ട്വിറ്ററിലൂടെ ആഞ്ഞടിച്ചു


No comments:

Powered by Blogger.