Breaking

ബെയര്‍സ്‌റ്റോവ് വെടിക്കെട്ട്... കിവികള്‍ ചിറകറ്റു വീണു,

ക്രൈസ്റ്റ്ചര്‍ച്ച്: ഫൈനലിനു തുല്യമായ അവസാന പോരാട്ടത്തില്‍ ന്യൂസിലന്‍ഡിനെ നിഷ്പ്രഭരാക്കി ഏകദിന പരമ്പര ഇംഗ്ലണ്ട് പോക്കറ്റിലാക്കി. അഞ്ചാമത്തെയും അവസാനത്തെയും മല്‍സരത്തില്‍ ഏഴു വിക്കറ്റിന്റെ ഗംഭീര വിജയമാണ് ഇംഗ്ലീഷ് പട ആഘോഷിച്ചത്. ഇരുടീമും പരമ്പരയില്‍ 2-2ന് ഒപ്പമായതിനാല്‍ അവസാന മല്‍സരം ഇരുടീമിനും നിര്‍ണായകമായിരുന്നു.  ബൗളിങിലും ബാറ്റിങിലും കിവികളെ നിസ്സഹായരാക്കിയാണ് ഇംഗ്ലണ്ട് ജയിച്ചുകയറിയത്. ഓപ്പണര്‍ ജോണി ബെയര്‍സ്‌റ്റോവിന്റെ തീപ്പൊരി സെഞ്ച്വറിയാണ് ഇംഗ്ലണ്ടിന്റെ ജയം അനായാസമാക്കിയത്.  ന്യൂസിലന്‍ഡ് 223ന് പുറത്ത് ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡിന് 223 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ഒരു പന്ത് ബാക്കിനില്‍ക്കെയാണ് ആതിഥേരുടെ ഇന്നിങ്‌സിന് തിരശീല വീണത്. മുന്‍നിര താരങ്ങള്‍ നിറംമങ്ങിയപ്പോള്‍ മധ്യനിരയുടെ ചെറുത്തുനില്‍പ്പാണ് കിവീസിന്റെ മാനം കാത്തത്. 67 റണ്‍സെടുത്ത മിച്ചെല്‍ സാന്റ്‌നറാണ് കിവീസിന്റെ ടോപ്‌സ്‌കോററായത്. 71 പന്തില്‍ നാലു ബൗണ്ടറികളും ഒരു സിക്‌സറും താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. ഹെന്റി നിക്കോളാസാണ് (55) മറ്റൊരു സ്‌കോറര്‍. മൂന്നു വിക്കറ്റെടുത്ത ക്രിസ് വോക്‌സും ആദില്‍ റഷീദും ചേര്‍ന്നാണ് ന്യൂസിലന്‍ഡിനെ വരിഞ്ഞുകെട്ടിയത്. ടോം ക്യുറാന്‍ രണ്ടു വിക്കറ്റെടുത്തു  അനായാസം ഇംഗ്ലണ്ട് മറുപടിയില്‍ തികച്ചും അനായാസമാണ് ഇംഗ്ലണ്ട് ലക്ഷ്യത്തിലേക്ക് കുതിച്ചെത്തിയത്. ലെറും 32.4 ഓവറില്‍ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 229 റണ്‍സെടുത്ത് ഇംഗ്ലണ്ട് ജയവും പരമ്പരയും സ്വന്തമാക്കുകയായിരുന്നു. ബെയര്‍‌സ്റ്റോവിന്റെ അതിവേഗ സെഞ്ച്വറിയാണ് ഇംഗ്ലണ്ട് ജയം എളുപ്പമാക്കിയത്. 60 പന്തില്‍ ഒമ്പത് ബൗണ്ടറികളും ആറു സിക്‌സറുമടക്കം താരം 104 റണ്‍സ് വാരിക്കൂട്ടി. മറ്റൊരു ഓപ്പണായ അലെക്‌സ് ഹെയ്ല്‍സ് 61 റണ്‍സോട മിന്നി. ഒന്നാം വിക്കറ്റില്‍ ബെയര്‍സ്‌റ്റോവ്-ഹെയ്ല്‍സ് ജോടി 155 റണ്‍സെടുത്തപ്പോള്‍ തന്നെ ഇംഗ്ലണ്ട് വിജയമുറപ്പിച്ചിരുന്നു. ബെന്‍ സ്റ്റോക്‌സും (26*) ജോ റൂട്ടും (23) ചേര്‍ന്ന് ഇംഗ്ലണ്ടിന്റെ ജയം പൂര്‍ത്തിയാക്കി.  ബ്രില്ല്യന്റ് ബെയര്‍സ്‌റ്റോവ് ബെയര്‍സ്‌റ്റോവിന്റെ ഇന്നിങ്‌സാണ് മല്‍സരം കിവീസില്‍ നിന്നും തട്ടിയെടുത്തത്. റണ്‍ചേസ് ആയിരുന്നിട്ടു പോലും ഒട്ടും സമ്മര്‍ദ്ദമില്ലാതെ ബാറ്റ് വീശിയ താരം ന്യൂസിലന്‍ഡ് ബൗളര്‍മാരോട് ഒരു ദയയും കാണിച്ചില്ല. 38 പന്തിലാണ് ബെയര്‍സ്‌റ്റോവ് അര്‍ധസെഞ്ച്വറി തികച്ചത്. നാലു ബൗണ്ടറികളും ഒരു സിക്‌സറും ഇതിലുള്‍പ്പെട്ടിരുന്നു. എന്നാല്‍ പിന്നീടുള്ള 50 റണ്‍സ് താരം വാരിക്കൂട്ടിയത് വെറും 20 പന്തിലാണ്. അഞ്ചു ബൗണ്ടറികളും എട്ടു കൂറ്റന്‍ സിക്‌സറുകളും ബെയര്‍‌സ്റ്റോവിന്റെ ബാറ്റില്‍ നിന്നും പറന്നു. ബെയര്‍‌സ്റ്റോവ് തന്നെയാണ് മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത്.  ടെയ്‌ലറുടെ അഭാവം പരമ്പരയില്‍ മികച്ച പ്രകടനം നടത്തിയിട്ടുള്ള മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ റോസ് ടെയ്‌ലറുടെ അഭാവം അവസാന കളിയില്‍ ന്യൂസിലന്‍ഡിന് കനത്ത തിരിച്ചടിയായി മാറി. നാലാമത്തെ കളിയില്‍ തോല്‍വി മുന്നില്‍ കണ്ട കിവീസിനെ രക്ഷിച്ചത് ടെയ്‌ലറുടെ (181) ഗംഭീര ബാറ്റിങായിരുന്നു. ഈ ഇന്നിങ്‌സിനിടെയേറ്റ പരിക്കാണ് താരത്തിന് അവസാന മല്‍സരം നഷ്ടപ്പെടുത്തിയത്.  ഇംഗ്ലണ്ടിന്റെ വിജയക്കുതിപ്പ് സമീപകാലത്തെ മികച്ച പ്രകടനം ഇംഗ്ലണ്ടിനെ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിലെ കിരീടഫേവറിറ്റുകളാക്കി മാറ്റിക്കഴിഞ്ഞു. 2019ല്‍ ഇംഗ്ലണ്ട് തന്നെയാണ് ലോകകപ്പിനു വേദിയാവുന്നത്. തുടര്‍ച്ചയായി അഞ്ചാം ഏകദിന പരമ്പര നേട്ടമാണ് ന്യൂസിലന്‍ഡ് മണ്ണില്‍ ഇംഗ്ലീഷുകാര്‍ നേടിയത്. തൊട്ടുമുമ്പ് നടന്ന ട്വന്റി20 ത്രിരാഷ്ട്ര പരമ്പരയില്‍ ഫൈനല്‍ പോലും കാണാതെ പുറത്തായതിന്റെ ക്ഷീണം ഈ പരമ്പര വിജയത്തോടെ ഇംഗ്ലണ്ട് തീര്‍ക്കുകയും ചെയ്തു.

No comments:

Powered by Blogger.