കോണിപ്പടിയിലെ വാക്ക് പോര്: വോണിന്റെ ഉപദേശത്തില്‍ പൊട്ടിച്ചിരിച്ച് സോഷ്യല്‍ മീഡിയ
ഡര്‍ബനില്‍ നടന്ന ദക്ഷിണാഫ്രിക്ക-ഓസ്‌ട്രേലിയ മത്സരത്തിനിടയില്‍ നടന്ന ചൂടന്‍ വാക്ക്‌പോരാണ് ക്രിക്കറ്റ് ലോകത്ത് ഇപ്പോഴത്തെ ചര്‍ച്ച. ഓസീസ് ടീമിന്റെ മുതിര്‍ന്ന താരം ഡേവിഡ് വാര്‍ണറും ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡി കോക്കും തമ്മില്‍ നടന്ന വാക്ക്‌പോരില്‍ ക്രിക്കറ്റ് താരങ്ങള്‍തന്നെ രണ്ട് ചേരികളായി. ഡി കോക്കിനെ പുറത്താക്കിയാണ് ഓസ്‌ട്രേലിയ ആതിഥേയര്‍ക്കെതിരേ നടന്ന ആദ്യ ടെസ്റ്റില്‍ ജയം സ്വന്തമാക്കിയത്. മത്സരത്തിന് ശേഷം ഡ്രസിങ് റൂമിലേക്ക് പോകും വഴിയാണ് വാര്‍ണറും ഡികോക്കും തമ്മില്‍ പൊരിഞ്ഞ വാക്ക്‌പോരിലേര്‍പ്പെട്ടത്. ആരാണ് പോര് ആദ്യം തുടങ്ങിയതെന്നോ എന്താ കാരണമെന്നോ ഒന്നും വ്യക്തമല്ല. ഇതിനിടയില്‍ വാര്‍ണറിനെ പിന്തുണച്ച് ഓസീസ് മുന്‍താരങ്ങളും ഡി കോക്കിനെ പിന്തുണച്ച് ദക്ഷിണാഫ്രിക്കന്‍ മുന്‍ താരങ്ങളും രംഗത്തെത്തിയതോടെ വിഷയം കൂടുതല്‍ സങ്കീര്‍ണമായി. എന്നാല്‍, ഇതിനിടിയില്‍ ഓസ്‌ട്രേലിയന്‍ സ്പിന്‍ ഇതിഹാസം ഷെയന്‍ വോണിന്റെ ട്വീറ്റാണ് ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ ചിരിയുണര്‍ത്തുന്നത്. പോയി ഓരോ ബിയറടിച്ചാല്‍ തീരുന്ന പ്രശ്‌നമേ ഇ്‌പ്പോ ഇവിടെയൊള്ളൂ എന്ന രീതിയിലാണ് വോണിന്റ ട്വീറ്റ്. ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും നേരിട്ട് വരുമ്പോഴെല്ലാം ഇരു ടീമിലെയും താരങ്ങള്‍ തമ്മില്‍ സ്ലെഡ്ജിങ്ങും, പരസ്പരം ചളിവാരിയേറും സ്ഥിരമാണ്. എന്നാല്‍, ഇതൊന്നും വ്യക്തിപരമായി എടുക്കില്ലെന്നാണ് താന്‍ വിശ്വസിക്കുന്നത്. ഇങ്ങനെ പരാതിപ്പെടുന്നത് നിര്‍ത്തി പോയി രണ്ടു പേരും ഓരോ ബിയര്‍ കഴിക്കൂ എന്നാണ് വോണിന്റെ ട്വീറ്റ്.അതേസമയം, മത്സരത്തിനിടെ റണ്ണൗട്ടില്‍ നിന്ന് രക്ഷ നേടാന്‍ ചാടിവീണ എബി ഡിവില്ലിയേഴ്‌സിന്റെ ദേഹത്തേക്ക് നഥാന്‍ ലിയോണ്‍ പന്തിട്ട നടപടിയില്‍ താരത്തിന് ഐസിസി പിഴ ചുമത്തിയിട്ടുണ്ട്. വാര്‍ണര്‍ ഡികോക്ക് പ്രശ്‌നം മാച്ച് റഫറി ജെഫ് ക്രോ പരിശോധിച്ച് വരികയാണ്.
No comments: